Header Ads

ad728
  • Breaking News

    ഷിരൂർ ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്; കേരളം കൈകൂപ്പി കാത്തിരുന്ന ദിനങ്ങൾ...


    _കാസർകോട്: ഷിരൂർ ദുരന്തത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്. ഒരു നാട് ഒന്നാകെ ഒരു മനുഷ്യന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരുന്ന നാളുകൾ. രണ്ടു മാസത്തിലധികം നീണ്ട സമാനതകളില്ലാത്ത രക്ഷാദൗത്യം. ഒടുവിൽ കേരളത്തിന്റെ കണ്ണീരേറ്റുവാങ്ങി അർജുന്റെ ജന്മനാട്ടിലേക്കുള്ള മടക്കം. ഓരോ മലയാളിയുടെ മനസ്സിലെയും ഒരു നോവോർമ്മ കൂടിയാണ് അർജുനും ഷിരൂർ അപകടവും._

    _2024 ജൂലൈ 16, അങ്കോളക്കടുത്ത് ഷിരൂരിലും പരിസര പ്രദേശങ്ങളിലും മഴ രൗദ്രഭാവം പൂണ്ട ദിവസം. ദേശീയപാത 66 ൽ ഒരു മല ഒന്നാകെ പുഴയിലേക്ക് പതിക്കുന്നു. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനടക്കം 11 മനുഷ്യ ജീവനുകൾ ഗംഗാവാലി പുഴയുടെ അടിത്തട്ടിലേക്ക് ആഴ്ന്നു പോയി.  ബെൽഗാമിൽ നിന്ന് അക്കേഷ്യ മരങ്ങൾ കയറ്റിക്കൊണ്ടുവരികയായിരുന്ന അർജുൻ തന്റെ ലോറി അടക്കമാണ് പുഴയിൽ അപ്രത്യക്ഷനായത്. ആദ്യം കർണാടക സർക്കാരിന്റെ തിരച്ചിൽ പേരിന് മാത്രം. കേരളത്തിലടക്കം പ്രതിഷേധങ്ങൾ ഉയർന്നു. അർജുന്റെ കുടുംബം പരാതിപ്പെട്ടതിന് പിന്നാലെയാണ് രക്ഷാപ്രവർത്തനം ഊർജിതമാക്കിയത്. ജൂലൈ 19ന് നാവിക സേനയും 20ന് റഡാർ സംഘവുമെത്തി. കേരളത്തിൽ നിന്നുള്ള മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും സംഘം ഷിരൂരിൽ എത്തി. പിന്നാലെ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലം സന്ദർശിച്ചു.  ജൂലൈ 21 ന് സൈന്യം എത്തിയെങ്കിലും കനത്ത കാറ്റും മഴയും രക്ഷാപ്രവർത്തനത്തിന് തടസമായി. റിട്ടയേഡ് മേജർ ജനറൽ എം. ഇന്ദ്രബാലൻ, മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അങ്ങനെ പല മുഖങ്ങളിലേക്കും മലയാളി പ്രതീക്ഷയോടെ നോക്കിയ ദിവസങ്ങൾ._

    _ലോറിയുടെ ഭാഗങ്ങൾ പുഴയിൽ കണ്ടെത്തിയെന്ന് കർണാടക റവന്യൂ മന്ത്രി സ്ഥിരീകരിക്കുന്നു, തീരത്ത് നിന്ന് 132 മീറ്റർ അകലെയാണ് ലോറിയെന്ന് ഡ്രോൺ പരിശോധന ഫലം. സോണാർ പരിശോധനയിൽ ലോഹഭാഗങ്ങൾ കണ്ടെത്തുന്നു. പ്രതീക്ഷയുടെ ദിനങ്ങൾ.   പക്ഷെ, മോശം കാലാവസ്ഥയും ശക്തമായ അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ജൂലൈ 28ന് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ കർണാടക സർക്കാർ തീരുമാനിക്കുന്നു രണ്ടുതവണ നിർത്തിവച്ച തിരച്ചിൽ സെപ്തംബർ 20ന് പുനരാരംഭിക്കുന്നു. ഒടുവിൽ, കരയിൽ നിന്ന് 65 മീറ്റർ അകലെ ഗംഗാവലിപ്പുഴയുടെ 12 മീറ്റർ ആഴത്തിൽ അർജുന്റെ ട്രക്കും മൃതദേഹവും കണ്ടെത്തുന്നു. അപ്പോഴേക്കും അപകടം നടന്നതിന്റെ 72 ദിനം പിന്നിട്ടിരുന്നു.  ഗംഗാവാലിപ്പുഴ ഇപ്പോൾ ശാന്തമായി ഒഴുകുന്നു. അപകടത്തിൽ പെട്ട രണ്ടുപേരുടെ മൃതദേഹങ്ങൾ പുഴയുടെ ആഴങ്ങളിലെവിടെയോ ഇപ്പോഴുമുണ്ട്._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728