കണ്ണൂർ റെയിൽവേ സ്റ്റേഷൻ; പുതിയ വഴി വരുന്നു
കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിലേക്ക് (പടിഞ്ഞാറ് ഭാഗം) വാഹനങ്ങൾക്ക് പ്രവേശിക്കാൻ റോഡിൽനിന്ന് ഒരു കവാടം കൂടെ തുറക്കുന്നു. മുനീശ്വരൻ കോവിലിന് സമീപത്തുനിന്ന് തുടങ്ങി ആർഎംഎസ് പോസ്റ്റ് ഓഫീസിനരികിലൂടെയാണ് പുതിയ റോഡ് വരിക. ഏഴു മീറ്റർ വീതിയുണ്ടാകും. പാഴ്‌സൽ ഓഫീസിനോട് ചേർന്ന് നിലവിലുള്ള വീതികുറഞ്ഞ റോഡിലേക്ക് ഇത് ബന്ധിപ്പിക്കും. ഈ റോഡ് വിപുലീകരിച്ച് നിലവിൽ പുറത്തേക്കുള്ള വഴിയിൽ ചേരും. വൺവേ ആയിരിക്കും. റോഡിൽനിന്ന് സ്റ്റേഷന് അകത്തേക്ക് പ്രവേശിക്കുന്ന കവാടം അതുപോലെ തുടരുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ മുനീശ്വരൻ കോവിൽ മുതൽ താവക്കരവരെയുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയും.
വീതികൂട്ടൽ നടക്കില്ല
റെയിൽവേ വികസനം ഇല്ലാതാക്കി ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകിയത് സ്റ്റേഷൻ റോഡ് വിപുലീകരണത്തെയും ബാധിക്കും. റെയിൽവേയുടെ പടിഞ്ഞാറുഭാഗത്ത് ഷോപ്പിങ് കോംപ്ലക്‌സ് ഉയരുമ്പോൾ വീതികൂട്ടൽ പ്രതിസന്ധിയിലാകും.
സ്റ്റേഷന് പടിഞ്ഞാറുഭാഗത്തെ റോഡിലെ തിരക്ക് ഇപ്പോൾ ഭീകരമാണ്. സ്വകാര്യ കമ്പനി റെയിൽവേ സ്ഥലത്ത് ഷോപ്പിങ് കോപ്ലക്സ് ഉൾപ്പെടെ ഉയർത്തുമ്പോൾ റോഡിന് വീതീകൂട്ടൽ ഒരിക്കലും നടക്കില്ലെന്ന് വ്യാപാരികളടക്കം പറഞ്ഞിരുന്നു. എന്നാൽ, റെയിൽവേഭൂമി പാട്ടത്തിനെടുത്ത ടെക്സ് വർത്ത് കമ്പനി വാണിജ്യ കെട്ടിടം നിർമിക്കാനുള്ള പ്രവൃത്തിയിലാണ്. റെയിൽവേപദ്ധതിയുടെ സ്‌കെച്ചിലും റോഡ് തുറക്കുന്നത് ഏറ്റവും തിരക്കുള്ള പ്ലാസ ജങ്ഷനിലേക്കാണ്. ഇത് വൻ തിരിച്ചടിയാകും.
സ്ഥലപരിമിതി മൂലം സ്റ്റേഷനിലെ വാഹനപാർക്കിങ് ചിട്ടയില്ലാതെയാണ് ഇപ്പോൾ ക്രമീകരിക്കുന്നത്. തലങ്ങും വിലങ്ങും വാഹനങ്ങൾ വെക്കും. പടിഞ്ഞാറുഭാഗത്ത് സ്വകാര്യ കമ്പനിക്ക് സ്ഥലം പോയതോടെ സ്ഥലപരിമിതി കൂടുതൽ പ്രതിസന്ധിയുണ്ടാക്കും.
മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് പുതിയ ക്വാർട്ടേഴ്‌സിന് സമീപം പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ, അത് മതിയാകില്ല. പുതിയ പാർക്കിങ് സ്ഥലത്ത് വീഴാറായി നിൽക്കുന്ന മരം ഭീഷണിയാണ്.
പുതിയഭാഗം കൂടാതെ നിലവിൽ പടിഞ്ഞാറുകവാടത്തിൽ 3500-ഉം കിഴക്കുഭാഗത്ത് 2100 ചതുരശ്ര മീറ്ററുമാണുള്ളത്. കിഴക്കുഭാഗത്ത് കൂടുതൽ സ്ഥലത്ത് പാർക്കിങ് കൊണ്ടുവരാനുള്ള പ്രവൃത്തി നടക്കുകയാണ്.
No comments