Header Ads

ad728
  • Breaking News

    മൂന്നാം ദൗത്യത്തിന് റെഡി, നാളെ വീണ്ടും ബഹിരാകാശത്തേക്ക്, വീട്ടിലേക്ക് മടങ്ങുന്നതു പോലെയെന്ന് സുനിത വില്യംസ്


    വീണ്ടുമൊരു ബഹിരാകാശ ദൗത്യത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ വംശജയായ 59കാരി സുനിത വില്യംസ്. ബോയിങ് സ്റ്റാർലൈനർ പേടകത്തിലാണ് സുനിത ബഹിരാകാശത്തേക്ക് കുതിക്കുക. മെയ് ഏഴിന് ഇന്ത്യൻ സമയം രാവിലെ എട്ടിന് ശേഷമാണ് സ്റ്റാർലൈനർ ബഹിരാകാശത്തേക്ക് കുതിക്കുക. ബുച്ച് വിൽമോർ എന്ന ബഹിരാകാശ യാത്രികനും സുനിതയ്ക്കൊപ്പമുണ്ടാകും. യുഎസിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് യാത്രയുടെ തുടക്കം.

    ബഹിരാകാശ നിലയത്തിൽ എത്തുമ്പോൾ, തന്നെ സംബന്ധിച്ച് അത് വീട്ടിലേക്ക് മടങ്ങുന്നതു പോലെയാണെന്ന് സുനിത വില്യംസ് പറഞ്ഞു. പുതിയ പേടകത്തിൽ പോകുന്നതിൽ ചെറിയ പരിഭ്രമമുണ്ടെങ്കിലും വലിയ ആശങ്കകളൊന്നും ഇല്ലെന്ന് സുനിത വ്യക്തമാക്കി. 2006ലും 2012ലുമായി രണ്ടു തവണ ബഹിരാകാശത്തേക്ക് പറന്ന സുനിത വില്യംസ്, 322 ദിവസം ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ചു. ഏഴ് തവണയായി 50 മണിക്കൂറിലേറെ ബഹിരാകാശത്ത് നടന്ന റെക്കോർഡും സുനിതയ്ക്ക് സ്വന്തം. 10 തവണ നടന്ന പെഗ്ഗി വിറ്റ്സണ്‍ പിന്നീട് ആ റെക്കോർഡ് മറികടന്നു.

    ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്‍റെ മനുഷ്യരെ വഹിക്കുന്ന ആദ്യ ദൗത്യത്തിന്റെ പൈലറ്റാണ് സുനിത. ബോയിങ്ങിന്‍റെ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ആണിത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്നാമത്തെ യാത്രയാണ് സ്റ്റാർലൈനറിന്‍റേത്. ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാനുള്ള ബോയിങിന്‍റെ ശേഷി വികസിപ്പിക്കുന്നതിന്‍റെ ഭാഗമാണീ ദൗത്യം.

    സുനിത വില്യംസിന്‍റെ പിതാവ് ഗുജറാത്ത് സ്വദേശിയാണ്. പിന്നീട് അമേരിക്കയിലേക്ക് കുടിയേറി സ്ലോവേനിയക്കാരിയെ വിവാഹം കഴിച്ചു. സുനിത ആദ്യമായി ബഹിരാകാശ യാത്രികയായി തെരഞ്ഞെടുക്കപ്പെട്ടത് 1998ലാണ്. നിലവിൽ നാസയുടെ വാണിജ്യ ക്രൂ പ്രോഗ്രാമിൽ പറക്കാനായി തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ യാത്രികരുടെ സംഘത്തിലെ ഒരാളാണ് സുനിത. ബഹിരാകാശത്ത് സമൂസ തിന്നാൻ ഇഷ്ടപ്പെടുന്ന, ഗണേശ വിഗ്രഹം കൂടെ കൊണ്ടുപോകാൻ ഇഷ്ടപ്പെടുന്ന ബഹിരാകാശ യാത്രികയാണ് സുനിത വില്യംസ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728