Header Ads

ad728
  • Breaking News

    ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചു, അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് ബ്ലസി

    സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷത്തോളം തടവുശിക്ഷ അനുഭവിച്ച കോഴിക്കോട് ഫെറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാൻ ഇല്ലെന്ന് സംവിധായകൻ ബ്ലസി. അബ്ദുല്‍ റഹീമിന്‍റെ ജീവിതകഥ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂര്‍ സംസാരിച്ചിരുന്നു, എന്നാല്‍ ആടുജീവിതത്തിന്‍റെ തുടര്‍ച്ചയായി അതേ ശൈലിയില്‍ ഒരു ചിത്രമെടുക്കാൻ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ബോബി ചെമ്മണ്ണൂരിനെ അറിയിച്ചുവെന്ന് ബ്ലസി.

    ഉടനെ അടുത്തൊരു സിനിമ ചെയ്യാനില്ല, മറ്റാര്‍ക്കെങ്കിലും ആ സിനിമ നന്നായി ചെയ്യാൻ കഴിയട്ടെ, അദ്ദേഹത്തിന്‍റെ ആഗ്രഹം സാധിക്കട്ടെയെന്നും ബ്ലസി പറഞ്ഞു.

    അബ്ദുല്‍ റഹീമിന്‍റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുന്നതിന് മുന്നിലിറങ്ങിയ ആളാണ് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍. മോചനത്തിനാവശ്യമായ തുക പിരിഞ്ഞുകിട്ടിയതിന് പിന്നാലെയാണ് റഹീമിന്‍റെ കഥ സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചത്. ഇതനുസരിച്ച് ബ്ലസിയോട് സംസാരിച്ചുവെന്നാണ് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിരുന്നത്. ഇതിനുള്ള മറുപടിയാണ് ബ്ലസി നല്‍കിയിരിക്കുന്നത്.

    മലയാളികളുടെ നന്മ ലോകത്തിന് മുന്നിലേക്ക് എത്തിക്കുന്നതിനാണ് റഹീമിന്‍റെ കഥ സിനിമയാക്കുന്നത് എന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നത്. സിനിമയില്‍ നിന്ന് കിട്ടുന്ന ലാഭം ബോച്ചെ ചാരിറ്റബിള്‍ ട്രസിറ്റിന്‍റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു.

    ലോകമെമ്പാടുമുള്ള മലയാളികള്‍ അടക്കം നിരവധി പേര്‍ കയ്യയഞ്ഞ് സഹായമെത്തിച്ചതോടെയാണ് അബ്ദുല്‍ റഹീമിന്‍റെ മോചനമെന്ന കുടുംബത്തിന്‍റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടാൻ പോകുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728