അര ലക്ഷം വായ്പയ്ക്ക് രണ്ടര ലക്ഷം തിരിച്ചടച്ചിട്ടും നഗ്ന ഫോട്ടോ ഭീഷണി; ആഭരണം പണയം വച്ചു തിരിച്ചടച്ചിട്ടും രക്ഷയില്ല
*കോഴിക്കോട്* |ഓൺലൈൻ ആപ്പുകൾ വഴി അര ലക്ഷം രൂപ വായ്പയെടുത്ത യുവാവ് അജ്ഞാതസംഘത്തിന്റെ ഫോൺ ഭീഷണിയിൽ തിരിച്ചടയ്ക്കേണ്ടി വന്നതു രണ്ടര ലക്ഷം രൂപ. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ചേളന്നൂർ എടക്കരമുക്ക് സ്വദേശിയെയാണ് ഓൺലൈൻ വായ്പാതട്ടിപ്പു സംഘം നഗ്നഫോട്ടോ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പിഴിഞ്ഞത്. ഭീഷണി തുടരുന്ന സാഹചര്യത്തിൽ ഇന്നു സൈബർ പൊലീസിനു പരാതി നൽകും. മൊബൈൽ ഫോണിൽ ഓഫർ വന്നതിനെ തുടർന്നു ‘സ്മാർട്ട് കോയിൻ’, ‘ഫൈബ്’, ‘ഇ ക്യാഷ്’, ‘എം പോക്കറ്റ്’ എന്നീ ആപ്പുകളിൽ നിന്നാണു യുവാവ് വീട്ടുകാർ അറിയാതെ 50,000 രൂപ വായ്പ വാങ്ങിയത്.
തുടർന്നു പലിശയടക്കം തുക തിരിച്ചടച്ചു. പക്ഷേ, കുടിശികയുണ്ടെന്നും, ഇനിയും പണം അടയ്ക്കണമെന്നും വിവിധ മൊബൈൽ ഫോൺ നമ്പറുകളിൽ നിന്നു വാട്സാപ്പിൽ അറിയിപ്പു വന്നു. തുടർന്ന് അവർ ആവശ്യപ്പെട്ട 60,000 രൂപ കൂടി അടച്ചു. ഒരാഴ്ചയ്ക്കു ശേഷം വീണ്ടും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ഫോണിൽ ബന്ധപ്പെട്ട സംഘം കൂടുതൽ പണം ആവശ്യപ്പെടുകയും, ഇല്ലെങ്കിൽ കുടുംബാംഗങ്ങൾക്കു നഗ്നഫോട്ടോ അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒടുവിൽ യുവാവ് സംഭവം ഭാര്യയെ അറിയിച്ചു. ആവശ്യപ്പെട്ട തുക ഭാര്യയുടെ ആഭരണം പണയം വച്ചു തിരിച്ചടച്ചിട്ടും വീണ്ടും പണം അടയ്ക്കാൻ ഭീഷണി തുടർന്നു. പണമടച്ചില്ലെങ്കിൽ വീട്ടിൽ വരുമെന്നും ഭീഷണിയുണ്ടായി. ഭീഷണിക്കോളുകൾ വന്ന നമ്പറുകളിലേക്കൊന്നും തിരിച്ചു വിളിക്കാനും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് മൊത്തം രണ്ടര ലക്ഷം രൂപ അടച്ചത്.
അതിനു ശേഷവും 10000 രൂപ ആവശ്യപ്പെട്ടു ഭീഷണിവിളി വന്നു. വായ്പാ സംഘം ആവശ്യപ്പെട്ട രേഖകളെല്ലാം നേരത്തേ നൽകിയ സാഹചര്യത്തിൽ ആ രേഖകൾ ഉപയോഗിച്ച് കൂടുതൽ പ്രശ്നമുണ്ടാക്കുമെന്നു ഭയന്നാണു പൊലീസിൽ പരാതി നൽകാതിരുന്നതെന്നു യുവാവു പറഞ്ഞു. ഇത്തരം തട്ടിപ്പിനെക്കുറിച്ച് ഇന്നലെ പത്രത്തിൽ വാർത്ത കണ്ട സാഹചര്യത്തിലാണ് സൈബർ പൊലീസിനു പരാതി നൽകുന്നത്.
No comments