Header Ads

ad728
  • Breaking News

    കോഴിമാലിന്യ വിമുക്ത ജില്ലയാകാന്‍ കണ്ണൂര്‍; രണ്ടാമത്തെ പ്ലാന്റ് ഉദ്ഘാടനം നാളെ

     

    15.05.2022

    മട്ടന്നൂര്‍: സംസ്ഥാനത്തെ ആദ്യ കോഴിമാലിന്യ വിമുക്ത ജില്ലയാകാന്‍ കണ്ണൂര്‍. ജില്ലയിലെ രണ്ടാമത്തെ പ്ലാന്റിന്റെ ഉദ്ഘാടനം മട്ടന്നൂര്‍ നഗരസഭയിലെ പൊറോറയില്‍ തിങ്കളാഴ്ച വൈകീട്ട് 4.30ന് മന്ത്രി എം.വി. ഗോവിന്ദന്‍ നിർവഹിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു അറിയിച്ചു. കെ.കെ. ശൈലജ എം.എല്‍.എ അധ്യക്ഷത വഹിക്കും.

    ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയത്. മാലിന്യം സൂക്ഷിക്കുന്നതിനുള്ള കോള്‍ഡ് സ്റ്റോറേജ്, മലിനജല ശുദ്ധീകരണ പ്ലാന്റ്, ബയോഫില്‍റ്റര്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

    മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാർഗരേഖയനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ കോഴിക്കടകളില്‍നിന്ന് ശീതീകരിച്ച വണ്ടിയിലാണ് മാലിന്യമെത്തിക്കുക.

    കോഴിക്കടകള്‍ക്ക് ഇനി ലൈസന്‍സ് ലഭിക്കാന്‍ റന്ററിങ് പ്ലാന്റുമായി തയാറാക്കിയ ഉടമ്പടി ഹാജരാക്കണം. ജില്ലയിലുണ്ടാകുന്ന മാലിന്യത്തിന്റെ കണക്കെടുപ്പ് നടത്തിക്കഴിഞ്ഞു.

    പാപ്പിനിശ്ശേരിയിലാണ് ജില്ലയിലെ മറ്റൊരു പ്ലാന്റുള്ളത്. മട്ടന്നൂര്‍ പ്ലാന്റില്‍ ദിനംപ്രതി 40 ടണ്‍ മാലിന്യം സംസ്കരിക്കാം. പാപ്പിനിശ്ശേരി പ്ലാന്റിന് ഒമ്പത് ടണ്‍ ശേഷിയുണ്ട്.മട്ടന്നൂരിലെ പ്ലാന്റുമായി ഇതുവരെ 55 പഞ്ചായത്തും ഏഴ് മുനിസിപ്പാലിറ്റിയും ഒരു കോര്‍പറേഷനും ഉടമ്പടി തയാറാക്കി. പാപ്പിനിശ്ശേരി പ്ലാന്റുമായി 16 പഞ്ചായത്തും രണ്ട് നഗരസഭയും ധാരണപത്രം ഒപ്പിട്ടു.

    മോണിറ്ററിങ് കമ്മിറ്റി പ്ലാന്റുകള്‍ പരിശോധിച്ചശേഷം അംഗീകരിച്ച് ഉത്തരവ് നല്‍കി. സംസ്ഥാനത്ത് നഗരസഭ മുന്‍കൈയെടുത്ത് സ്ഥാപിച്ച ആദ്യ റന്ററിങ് പ്ലാന്റാണ് മട്ടന്നൂരിലേത്. ഇതിനിടെ, പ്ലാന്റിന്റെ സമീപ പ്രദേശങ്ങളില്‍ ദുര്‍ഗന്ധമുണ്ടെന്ന പരാതി ചൂണ്ടിക്കാട്ടിയപ്പോള്‍, ട്രയല്‍ സമയങ്ങളിലുണ്ടായിരുന്നെന്നും തുടര്‍ന്ന് ഇതു പരിഹരിച്ചതായും വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹിന സത്യന്‍, കൗണ്‍സിലര്‍ സി.വി. ശശീന്ദ്രന്‍, ഡോ. പി.വി. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728