Header Ads

ad728
  • Breaking News

    റിൻസി വധം: പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


    കൊടുങ്ങല്ലൂർ (തൃശൂർ): മക്കളോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ​പുതിയ വീട്ടിൽ റിയാസിനെ (26) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആളൊഴിഞ്ഞ വീടിൻ്റെ വളപ്പിൽ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു.

    എറിയാട് ബ്ലോക്ക് ഓഫിസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി (30) ആണ് ഇന്നലെ രാവി​ലെ മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് റിയാസ് ഇവരെ വെട്ടിയത്. തുടർന്ന് രക്ഷപ്പെട്ട പ്രതിയെ ശനിയാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ വീടിന്റെ 500 മീറ്റർ അകലെയാണ് തൂങ്ങിമരിച്ചത്.

    വളരെ ക്രൂരമായിട്ടാണ് ഇയാൾ റിൻസിയെ വെട്ടിക്കൊലപ്പെടുത്തിയത്. റിൻസിയുടെ ശരീരത്തിൽ 36 മുറിവുകളാണുണ്ടായിരുന്നത്. റിൻസിയോട് യുവാവിനുണ്ടായിരുന്ന പക വ്യക്തമാക്കുന്നതാണ് ചെറുതും വലുതുമായ മുറിവുകൾ. കൊടുങ്ങല്ലൂർ സി.ഐയുടെ നേതൃത്വത്തിൽ നടന്ന ഇൻക്വസ്റ്റിലാണ് മുറിവുകൾ വ്യക്തമായത്. വലിയ തോതിൽ രക്തം വാർന്നിരുന്നു. പിൻ കഴുത്തിലേറ്റ വെട്ട് ആഴത്തിലുള്ളതാണ്.

    വീട്ടമ്മയോട് പക വെച്ചുപുലർത്തിയിരുന്ന ഇയാൾ എറിയാട് കേരളവർമ സ്കൂളിന് സമീപം റെഡിമെയ്ഡ് സ്ഥാപനത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് റിൻസിയുടെ ഭർത്താവുമായി ഉന്തും തള്ളും ഉണ്ടായി. വിഷയം പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ യുവാവിനെ പൊലീസ് ചികിത്സക്ക് പറഞ്ഞ് വിട്ടിരുന്നു.

    എന്നാൽ തിരിച്ചു വന്നിട്ടും യുവാവിന് യുവതിയോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടായില്ല. ഇയാളുടെ ഡയറി കുറിപ്പുകളും ഇതൊക്കെ തന്നെയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമവും തുടർന്നുള്ള മരണവും ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്.

    ആക്രമണം നടന്ന് വൈകാതെ പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് ഇയാൾ മുങ്ങിയത്. കൊലക്ക് ഉപയോഗിച്ച കൊടുവാളും രക്തം പുരണ്ട തുണിയും ഉപേക്ഷിച്ച പ്രതി വീട്ടിലെത്തി കുളിച്ച ശേഷമാണ് ഇരുചക്ര വാഹനംപോലും എടുക്കാതെ രക്ഷപ്പെട്ടത്.

    കാര്യമായ സുഹൃത്തുക്കളൊന്നും ഇല്ലാത്തതിനാൽ ആ വഴിക്കും അന്വേഷണത്തിന് പരിമിതികളായി. പൊലീസ് നായ്​ സംഭവം നടന്ന സ്ഥലത്തുനിന്ന് പ്രതിയുടെ വീടുവരെ ഓടിയ ശേഷം ചൈതന്യ നഗറിൽ നിന്നു. ഇതിന് സമീപത്താണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രതി പ്രദേശം വിട്ടുപോകാൻ സാധ്യതയില്ലെന്ന കണക്കുകൂട്ടലിലായിരുന്നു പൊലീസ്. സംഭവസ്ഥലത്തെത്തിയ ജില്ല പൊലീസ് മേധാവി റിൻസിയുടെയും പ്രതിയുടെയും വീടുകളിലും അന്വേഷണം നടത്തിയിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728