Header Ads

ad728
  • Breaking News

    പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍നടപടി കര്‍ശനമാക്കുന്നു;പരിശോധനക്ക് പ്രത്യേക വിജിലന്‍സ് സ്‌ക്വാഡുകള്‍

    കണ്ണൂർ:-പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാമ്പയിന്റെ ഭാഗമായി പരിശോധനയും നടപടികളും കര്‍ശനമാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി തദ്ദേശസ്ഥാപന തലത്തില്‍ പ്രത്യേക വിജിലന്‍സ് സ്‌ക്വാഡുകള്‍ രൂപീകരിക്കും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശസ്ഥാപനങ്ങളിലെയും റവന്യൂ, പൊലീസ്, പൊലൂഷന്‍ കണ്‍ട്രോള്‍ബോര്‍ഡ് എന്നിവയിലെയും ഉദ്യോഗസ്ഥര്‍ സ്്ക്വാഡിലുണ്ടാകും. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, ഒറ്റത്തവണമാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതാണ്. 

    നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ പട്ടണങ്ങളില്‍ ആയതിനാല്‍ നഗരസഭകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടണം.
    ഉത്സവങ്ങളുടെ ഭാഗമായി ഉണ്ടാകാനിടയുളള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളും ആവശ്യമാണ്. ഇതിനായി ബന്ധപ്പെട്ടവരുമായി മുന്‍കൂട്ടി സംസാരിച്ച് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു.
    കോഴിമാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നുവെന്ന് ഉറപ്പാക്കണം.  

    ജില്ലയില്‍ രണ്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ കോഴി വില്‍പ്പന കടകളില്‍ നിന്നും മാലിന്യം ഇവിടേക്ക് തന്നെ എത്തിക്കുന്നുവെന്നും ഉറപ്പാക്കണം. ഇതിനാവശ്യമായ കരാര്‍ കോഴി കച്ചവടക്കാരുമായി ഉണ്ടാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും മറ്റും അറവുമാലിന്യങ്ങള്‍ എത്തുന്നത് അനുവദിക്കാനാവില്ല. ഇത്തരം സംഭവമുണ്ടായാല്‍ ശക്തമായ നിയമ നടപടി കൈക്കൊള്ളാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നിദേശം നല്‍കി.

    ജില്ലയെ അറവുമാലിന്യ മുക്തമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഏകോപനത്തോടെ എല്ലാ വകുപ്പുകളും ഏജന്‍സികളും ഇടപെടണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
    എഡിഎം കെ കെ ദിവാകരന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728