Header Ads

ad728
  • Breaking News

    പട നയിക്കാൻ ഇനി 'കിം​ഗ്' ഇല്ല; ടെസ്റ്റ് നായക പദവിയും ഒഴിഞ്ഞ് വിരാട് കോലി

    15/01/2022

    *മുംബൈ:* ട്വന്റി 20യ്ക്കും ഏകദിനത്തിനും പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റൻസി പദവിയും ഒഴിഞ്ഞ് വിരാട് കോലി. ദ​ക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ പരമ്പര അടിയറവ് വച്ചതിന് പിന്നാലെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായ കോലി പടിയിറക്കം പ്രഖ്യാപിച്ചത്. തന്റെ ടെസ്റ്റ് ക്യാപ്റ്റനായുള്ള യാത്രയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ആത്മാർഥമായ പരിശ്രമത്തോടെ ടീമിനെ നയിക്കാനായെന്നും കോലി പറഞ്ഞു.

    തനിക്ക് ഇത്തരത്തിലുള്ള ഒരു അവസരം നൽകിയതിന് ബിസിസിഐക്കും വലിയ പിന്തുണകൾക്ക് രവി ശാസ്ത്രിക്കും ടീമിനും തന്നെ വിശ്വസിച്ച് ഈ വലിയ സ്ഥാനം ഏൽപ്പിച്ചതിന് എം എസ് ധോണിക്കും കോലി നന്ദി അറിയിച്ചു. നേരത്തെ, ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ടൂർണമെന്റിന് ശേഷം കുട്ടി ക്രിക്കറ്റിലെ ക്യാപ്റ്റൻ സ്ഥാനം താൻ ഒഴിയുകയാണെന്ന് കോലി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഏകദിനത്തിലും കോലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ബിസിസിഐ നീക്കി. ഇതേച്ചൊല്ലി ഇന്ത്യൻ ക്രിക്കറ്റിൽ വൻ വിവാദങ്ങളാണ് അരങ്ങേറിയത്.  

    തന്റെ ബാറ്റിം​ഗ് മികവ് കൊണ്ട് മാത്രമല്ല ആരാധകർ കോലിക്ക് കിം​ഗ് എന്നൊരു വിളിപ്പേര് കൂടെ നൽകിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ മഹാ വിജയങ്ങളിലേക്ക് നയിച്ചതിന്റെ പകിട്ടും കോലിക്കുണ്ട്. ടെസ്റ്റിൽ ഇന്ത്യയെ ലോക ഒന്നാം നമ്പറിൽ എത്തിച്ച കോലി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് ടീമിനെ എത്തിച്ചതിലും നിർണായക പങ്കുവഹിച്ചു. 2014ൽ ആണ് ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വിരാട് കോലി എത്തുന്നത്. ഓസ്ട്രേലയയിൽ വച്ച് ധോണി പാതി വഴിയിൽ ക്യാപ്റ്റൻസി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചപ്പോൾ കോലിയിൽ ഇന്ത്യ പുതിയ കപ്പിത്താനെ കണ്ടു. 

    68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോലി അതിൽ 40 എണ്ണത്തിലും വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളുടെ കാര്യത്തിൽ നാലാം സ്ഥാനത്താണ് വിരാടുള്ളത്. ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ എന്ന നിലയിൽ തന്നെയാണ് ആരാധകരെ ഞെട്ടിച്ചുള്ള ഈ പടിയിറക്കം. വിജയതൃഷ്ണയുള്ള അവസാനം വരെ വിജയത്തിനായി പോരാടുന്ന ഒരു സംഘത്തെ വാർത്തെടുക്കാൻ ആയി എന്നുള്ളതാണ് വിരാട കാലത്തിന്റെ ഏറ്റവും മികച്ച സവിശേഷത. 


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728