Header Ads

ad728
  • Breaking News

    ഡിസംബർ 30... കാവുമ്പായി കർഷകസമരത്തിന് 75 വയസ്



    കനലാണ് കാവുമ്പായി


    ശ്രീകണ്ഠപുരം: 1946 ഡിസംബർ 30... കരിവെള്ളൂരിന് പിന്നാലെ കാവുമ്പായി സമരക്കുന്നിൽ ഉയർന്നുകേട്ട വെടിയൊച്ചകളും മുദ്രാവാക്യങ്ങളും ചരിത്രത്തിൽ പ്രതിധ്വനിക്കാൻ തുടങ്ങിയിട്ട് 75 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. പുളുക്കൂൽ കുഞ്ഞിരാമൻ, പി. കുമാരൻ, മഞ്ഞേരി ഗോവിന്ദൻ,ആലാറമ്പൻകണ്ടി കൃഷ്ണൻ, തെങ്ങിൽ അപ്പ നമ്പ്യാർ എന്നിവരുടെ രക്തസാക്ഷിത്വത്തിൻ്റെ ഓർമകളിലാണ്  കാവുമ്പായി സമരക്കുന്ന്.
    ഉത്തര മലബാറിൽ
    കൃഷിഭൂമിക്കുവേണ്ടി നടന്ന രക്തരൂഷിതമായ സമരങ്ങളിലൊന്നാണ് കാവുമ്പായി സമരം. ജന്മിയുടെ സമ്മതമില്ലാതെ കുന്നുകളിലെ കാട് വെട്ടിത്തെളിച്ച് പുനം കൃഷി നടത്തിയായിരുന്നു സമരം. 1946 നവംബറോടെ സമരം രൂക്ഷമായി. സമരക്കാരെ ചെറുക്കാനായി എം.എസ്.പി. ക്യാമ്പുകൾ തുറന്നു. ഇരിക്കൂർ ഫർക്കയിലെ 10 വില്ലേജുകളിൽ നിരോധനാജ്ഞയടക്കം പ്രഖ്യാപിച്ചു.ഇതേ തുടർന്ന് അതിനെ എതിർത്ത് അഞ്ഞൂറോളം കർഷകർ സായുധരായി കാവുമ്പായി കുന്നിൽ സംഘടിച്ചു.ഈ വിവരം എം.എസ്‌.പി.ക്കാർ ഒറ്റുകാർ മുഖേന അറിഞ്ഞിരുന്നു.
    ഡിസംബർ 30-ന് പുലർച്ചെ  കാവുമ്പായി കുന്ന് പോലീസ് വളഞ്ഞ് വെടിയുതിർത്തു. 
    പുളുക്കൂൽ കുഞ്ഞിരാമൻ, പി. കുമാരൻ, മഞ്ഞേരി ഗോവിന്ദൻ എന്നിവർ സ്ഥലത്ത് കൊല്ലപ്പെട്ടു. ആലാറമ്പൻകണ്ടി കൃഷ്ണൻ, തെങ്ങിൽ അപ്പ എന്നിവരെ പോലീസ് പിടിച്ചുകൊണ്ടുപോയി വെടിവെച്ചുകൊല്ലുകയായിരുന്നു.
    സമരനേതാക്കളായിരുന്ന തളിയൻ രാമൻ നമ്പ്യാർ, ഒ.പി. അനന്തൻമാസ്റ്റർ ഉൾപ്പെടെ നിരവധി പേർ ജയിലിലായി.അറസ്റ്റു ചെയ്തവരെ സേലം ജയിലാണ് പാർപ്പിച്ചിരുന്നത്.1950 ഫെബ്രുവരി 11-ന് സേലം ജയിലിൽ വെച്ചുണ്ടായ വെടിവെപ്പിൽ തളിയൻ രാമൻ നമ്പ്യാരും ഒ.പി. അനന്തൻ മാസ്റ്ററും കൊല്ലപ്പെടുകയും ചെയ്തു.
    കാവുമ്പായി സമരത്തിൻ്റെ 75-ാം വാർഷികത്തിൻ്റെ ഭാഗമായി ഇത്തവണ ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളാണ് നടത്തുന്നത്.വ്യഴാഴ്ച രക്തസാക്ഷി ദിനാചരണം സി.പി.എം.കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.

    വിപ്ലവക്കരുത്തിൽ ഇ.കെ. നാരായണൻ നമ്പ്യാർ

    കാവുമ്പായി സമര സേനാനികളിൽ ഇന്ന് ഒരാൾ മാത്രമേ ജീവിച്ചിരിപ്പുള്ളു. 97-ാം വയസിലും കാലിൽ വെടിയുണ്ടയും മനസ്സിൽ വിപ്ലവക്കരുത്തുമായി കഴിയുന്ന സേലം വെടിവെപ്പിന്റെ ജീവിക്കുന്ന രക്തസാക്ഷി കാവുമ്പായിലെ ഇ.കെ.നാരായണൻ നമ്പ്യാർ. 
    കാവുമ്പായി കർഷകസമരത്തിൽ പങ്കെടുത്തതിനാണ് നാരായണൻ നമ്പ്യാരേയും പിതാവ് തളിയൻ രാമൻ നമ്പ്യാരേയുമടക്കമുള്ളവരെ ജയിലടയ്ക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ ചില പ്രശ്നങ്ങളുണ്ടാക്കിയതിനെത്തുടർന്ന് ഇവരടക്കം 200-ഓളം പേരെ പിന്നീട് സേലം ജയിലിലേക്ക് മാറ്റി.
    1950 ഫെബ്രുവരി 11-ന് സേലം ജയിൽ വെടിവെപ്പ് നടക്കുന്നത്. സെല്ലിനകത്ത് മുദ്രാവാക്യം വിളിച്ചതിന് നിരായുധരായ സമര നായകർക്കുനേരെ പോലീസ് വെടിയുതിർക്കുകയായിരുന്നു. പിതാവ് തളിയൻ രാമൻ നമ്പ്യാരടക്കം 22 കർഷക പോരാളികൾ ജയിലിനകത്ത് വെടിയേറ്റ് തത്ക്ഷണം മരിച്ചുവീണ ദുരന്തക്കാഴ്ചയ്ക്ക് നാരായണൻ നമ്പ്യാർക്ക് സാക്ഷിയാകേണ്ടി വന്നു.അന്ന് തറച്ച വെടിയുണ്ടയുടെ ചീളുകൾ ഇന്നും നാരായണൻ നമ്പ്യാരുടെ കാലിൽ കാണാനുണ്ട്.കാവുമ്പായി സമരത്തോടനുബന്ധിച്ച് ഒട്ടേറെ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഇദ്ദേഹം കോഴിക്കോട്, കണ്ണൂർ, വെല്ലൂർ, സേലം ജയിലുകളിലായി 39 വർഷം ജയിലിൽ കഴിഞ്ഞു.

    കാവുമ്പായിയിൽ സമര മ്യൂസിയം ഒരുങ്ങും

    കർഷക സമര പോരാട്ടത്തിൻ്റെ ചരിത്രം പറയാൻ  കാവുമ്പായിയിലെ സമരക്കുന്നിൽ മ്യൂസിയം നിർമിക്കും. 2020-ലെ ബജറ്റിൽ ഇതിനായി സംസ്ഥാന സർക്കാർ  20 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2015-ൽ ഡോ. ടി.വി.രാമകൃഷ്ണൻ ചെയർമാനായും എം.സി.ഹരിദാസൻ കൺവീനറായും
    രൂപവത്കരിച്ച  കാവുമ്പായി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് സമരക്കുന്നിൽ ചരിത്ര മ്യൂസിയം ഒരുങ്ങുന്നത്. മ്യൂസിയത്തിൽ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി വടക്കേ മലബാറിൽ നടന്ന കർഷക സമരങ്ങളെ കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും പുതിയ തലമുറകൾക്ക് ചരിത്ര സംഭവങ്ങൾ പരിചയപ്പെടുത്തുവാനുള്ള സൗകര്യം  ഒരുക്കും. 12 സെന്റ് സ്ഥലം പഠനകേന്ദ്രത്തിന് സമരക്കുന്നിലുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728