Header Ads

ad728
  • Breaking News

    കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാനൊരുങ്ങി കേന്ദ്ര നേതൃത്വം



    കെ സുരേന്ദ്രനെ കേരളത്തിലെ ബിജെപി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കാനൊരുങ്ങി കേന്ദ്ര നേതൃത്വം. കെ സുരേന്ദ്രൻ നയിക്കുന്ന സംസ്ഥാന നേതൃത്വം പാർട്ടിയുടെ പ്രതിച്ഛായ കേരളത്തിൽ ഇല്ലാതാക്കിയെന്ന നിരീക്ഷണത്തിലാണ് നേതൃമാറ്റം കേന്ദ്ര നേതൃത്വത്തിൻ്റെ സജീവ പരിഗണനയിൽ എത്തിയത്. സുരേന്ദ്രന് പകരം സുരേഷ് ഗോപിയെ അധ്യക്ഷനാക്കാനും നീക്കങ്ങൾ നടക്കുന്നതായി സൂചന. എന്നാൽ കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് സുരേന്ദ്രനെ സ്ഥാനത്ത് നിന്ന് മാറ്റരുത് എന്ന് കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
    കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവി വിശകലനം ചെയ്യുന്ന പഠന റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് കെ സുരേന്ദ്രനെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കുന്നത് കേന്ദ്രനേതൃത്വം ചർച്ച ചെയ്യുന്നത്. തോൽവിയുടെ പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത് കെ സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ഉള്ള സംസ്ഥാന നേതൃത്വത്തിൻ്റെ വീഴ്ചയാണ്.
    തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ കൊടകര കുഴൽപ്പണ കേസുകളും മഞ്ചേശ്വരത്തെ കേസും സുരേന്ദ്രന് തിരിച്ചടി ആയേക്കും. എന്നാൽ പാർട്ടിയിൽ നേതൃമാറ്റ ചർച്ചകൾ നടക്കുന്നുണ്ടോയെന്ന് തനിക്ക് അറിയില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. തന്നെ ഇക്കാര്യങ്ങൾ അറിയിച്ചിട്ടില്ല. മാധ്യമങ്ങൾ വഴിയാണ് ഇക്കാര്യങ്ങൾ താൻ അറിയുന്നത് എന്നും സുരേന്ദ്രനെ പിന്തുണച്ച് നിലപാട് സ്വീകരിക്കാറുള്ള മുരളീധരൻ കൂട്ടിച്ചേർത്തു.
    അതേസമയം കേന്ദ്ര നേതൃത്വം മുരളീധരന് പകരം സുരേഷ് ഗോപിയെ ആണ് സംസ്ഥാന നേതൃത്വത്തിൻ്റെ ചുക്കാൻ പിടിക്കാൻ പരിഗണിക്കുന്നത്. പാർട്ടി അധ്യക്ഷനാകാൻ താൽപര്യം ഇല്ലെന്ന് എംപി കൂടിയായ താരം നേരത്തെ പറഞ്ഞിരുന്നു എങ്കിലും ഇത് സംബന്ധിച്ച് അമിത്ഷായുമായി നിർണായക ചർച്ചകൾ നടത്തുന്നതിനായി ആണ് ദില്ലിയിൽ സുരേഷ് ഗോപി എത്തുന്നത്. വീണു കിട്ടിയ അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് കേരള ബിജെപിയിലെ വിമത പക്ഷം. സുരേന്ദ്രന് അധ്യക്ഷനായതിൽ അതൃപ്തി ഉള്ള കൃഷ്ണദാസ് പക്ഷം നേതൃ മാറ്റത്തിനായി കേന്ദ്ര നേതൃത്വത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തിയേക്കും.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728