Header Ads

ad728
  • Breaking News

    മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും ഒഴുകുന്നു, മലയോരത്തിന്റെ ഉൾഗ്രാമങ്ങളിലേക്കും; രക്ഷിതാക്കളും പൊതു ജനങ്ങളും ജാഗ്രത പാലിക്കുക



    15/09/2021

     കണ്ണൂരിലും ശ്രീകണ്ഠപുരത്തും ഇരിട്ടിയിലും ആലക്കോടും ചെറുപുഴയിലും മാരക മയക്കുമരുന്നുകൾ വിൽപന നടത്തുന്ന നിരവധി യുവാക്കളെ മാസങ്ങൾക്കുള്ളിൽ പിടികൂടിയിരുന്നു. ജില്ലയിൽ നഗരം കടന്ന് ഉൾഗ്രാമങ്ങളിലേക്കടക്കം കഞ്ചാവും വിവിധയിനം മയക്കുമരുന്നുകളും വിൽക്കുന്ന സംഘം വിലസുന്നു. മറുനാടൻ തൊഴിലാളികൾ മുഖേന വൻതോതിൽ കഞ്ചാവ് എത്തിച്ച് വിൽപന വ്യാപകമായതിനിടെയാണ് വിവിധയിനം മയക്കുമരുന്നുകൾ കൂടി ഗുളികകളായും സ്​റ്റാമ്പ് രീതിയിലും വിൽക്കുന്നത്. 

    എം.ഡി.എം.എ എന്ന മാരക ലഹരിമരുന്നിന് പുറമെ സ്​റ്റാമ്പ് രൂപത്തിലുള്ള എൽ.എസ്.ഡിയും ലഹരിയും വിഭ്രാന്തിയും സൃഷ്​ടിക്കുന്ന ട്രമഡോൾ ഹൈഡ്രോക്ലോറൈഡ് എന്ന മയക്കുഗുളികയും വിദ്യാർഥികളുൾപ്പെടെയുള്ള യുവാക്കൾക്കിടയിലേക്ക് എത്തുന്നുണ്ട്. മണിക്കൂറുകളോളം ലഹരി നിൽക്കുമെന്നതും ഉപയോഗിച്ചാൽ പെട്ടെന്ന് മറ്റുള്ളവർക്ക് മനസ്സിലാകില്ലെന്നതും ഇത്തരം ലഹരിവസ്തുക്കളെ സ്വീകരിക്കാൻ യുവാക്കളെ പ്രേരിപ്പിച്ചതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്​. 





    കണ്ണൂരിലും ശ്രീകണ്ഠപുരത്തും ഇരിട്ടിയിലും ആലക്കോടും ചെറുപുഴയിലും ഇത്തരം മാരക മയക്കുമരുന്നുകൾ വിൽപന നടത്തുന്ന നിരവധി യുവാക്കളെ എക്സൈസ് സംഘം കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ പിടികൂടിയിരുന്നു. കർണാടകയിൽ നിന്നും മറ്റും ഇത്തരം ഉൽപന്നങ്ങൾ വ്യാപകമായി ഇവിടേക്ക് എത്തുന്നുണ്ട്. തലശ്ശേരിയിലും ഇരിട്ടിയിലും കണ്ണൂരിലും പ്രത്യേകം ഏജൻറുമാർ തന്നെ മാരക മയക്കുഗുളികകൾ എത്തിച്ച് നൽകുന്നുണ്ട്. തലശ്ശേരിയിൽ ഹെറോയിനുമായി നേരത്തെ പിടിയിലായി ജാമ്യത്തിലിറങ്ങിയയാൾ ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണിയാണെന്ന് വ്യക്തമായിട്ടുണ്ട്. ടൗൺപ്രദേശങ്ങളിൽ നിന്നും ഉൾഗ്രാമങ്ങളിലേക്ക് കൂടി മയക്കുമരുന്നുകൾ വ്യാപകമായി എത്തുന്നത് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. 

    മലയോര മേഖലയിലടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ചെങ്കൽ - കരിങ്കൽ ക്വാറി പ്രദേശങ്ങളിലും മറ്റുമാണ് കഞ്ചാവ് വിൽപന തകൃതിയായത്. കഴിഞ്ഞ ഒരുവർഷത്തിനിടെ എക്സൈസ് -പൊലീസ് അധികൃതർ നൂറോളം ഇതരസംസ്ഥാന തൊഴിലാളികളെയും ഇവിടത്തുകാരായ ചിലരെയും കഞ്ചാവുമായി അറസ്​റ്റ്​ ചെയ്തിരുന്നു. ചെക്​പോസ്​റ്റുകളിൽ കൈമടക്ക് നൽകുന്നതിനാൽ അതിർത്തി കടന്നുവരുന്ന കഞ്ചാവ് പിടികൂടാറില്ല. വാടക ഷെഡിൽ ഒളിച്ചു​വച്ചാണ് മറുനാടൻ സംഘം ആവശ്യക്കാർക്ക് വിൽക്കുന്നത്. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ രണ്ട് ഒഡിഷ സ്വദേശികളെ ശ്രീകണ്ഠപുരം എക്സൈസ് സംഘം ഒരു വർഷം മുമ്പ് അറസ്​റ്റുചെയ്തിരുന്നു. കൊളച്ചേരി ചേലേരിയിൽ അന്ന് കഞ്ചാവ് ചെടി പിടികൂടിയിരുന്നു. ശ്രീകണ്ഠപുരം, ആലക്കോട്, ഇരിട്ടി, കൂത്തുപറമ്പ്, പാപ്പിനിശ്ശേരി, പയ്യന്നൂർ, കണ്ണൂർ തുടങ്ങിയ എക്സൈസ് ഓഫിസ് പരിധികളിലാണ് ഏറ്റവുമധികം കഞ്ചാവുവേട്ട കഴിഞ്ഞവർഷം നടന്നത്.  

    ഇടുക്കി, കുമ്പള, ആന്ധ്ര, അസം, ഒഡിഷ എന്നിവിടങ്ങളിൽനിന്നാണ് കൂടുതലായും ജില്ലയിലേക്ക് കഞ്ചാവ് എത്തുന്നത്. ട്രെയിൻ വഴി എത്തുന്ന കഞ്ചാവ് പിടികൂടാൻ റെയിൽവേ പൊലീസും മെനക്കെടുന്നില്ല. ഒഡിഷയിൽ ഒരു കി.ഗ്രാം കഞ്ചാവിന് 2000 രൂപയാണ​ത്രേ വില. ഈ കഞ്ചാവ് ഇവിടെയെത്തുന്നതോടെ കി.ഗ്രാമിന് 20,000 മുതൽ 30,000 രൂപ വരെ ലഭിക്കുന്നുണ്ട്. 10 ഗ്രാം കഞ്ചാവ് പാക്കറ്റിലാക്കി നൽകുമ്പോൾ 60 മുതൽ 100 രൂപ വരെ ഈടാക്കുന്നുണ്ട്. വൻ വിലയായിട്ടും ആവശ്യക്കാർ ഏറെയുണ്ടെന്നത് എക്സൈസ് വകുപ്പിനെ പോലും ഞെട്ടിക്കുന്നു. 

    നേരത്തെ സ്കൂൾ- കോളജ് വിദ്യാർഥികൾക്ക് ചെറിയ തുകയും ബൈക്കും നൽകിയാണ് കഞ്ചാവും മറ്റ് ലഹരി മരുന്നുകളും വിവിധയിടങ്ങളിൽ എത്തിക്കുന്നത്. നിലവിൽ ക്ലാസുകൾ തുടങ്ങാത്തതിനാൽ ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇടപാടുകൾ നടത്തുന്നുണ്ട്. വീട്ടിൽനിന്നുള്ള അശ്രദ്ധകൊണ്ട് മയക്കുമയക്കുമരുന്ന് ലോബികളുടെ കെണിയിൽപെട്ട പ്രായപൂർത്തിയാവാത്ത നിരവധി കുട്ടികളെ അധികൃതർ പിടികൂടിയിരുന്നു. കേസെടുക്കില്ലെന്നറിയുന്നതിനാലാണ് കഞ്ചാവ് ലോബികളടക്കം ചെറിയ കുട്ടികളെ പോലും വിൽപനക്കാരാക്കുന്നത്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728