Header Ads

ad728
  • Breaking News

    അഴീക്കല്‍ തുറമുഖം വഴി പ്രതിമാസം 400 കണ്ടെയ്നറുകള്‍



     കണ്ണൂർ : അഴീക്കല്‍ തുറമുഖം വഴി നാനൂറോളം കണ്ടെയ്‌നറുകള്‍ പ്രതിമാസം ഇറക്കുമതി ചെയ്യാമെന്ന ഉറപ്പു നല്‍കി വ്യാപാരികള്‍. കപ്പല്‍ കമ്പനി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് വിളിച്ച യോഗത്തിലാണ് തീരുമാനം. കണ്ണൂരിലേക്ക് പ്രതിമാസം റോഡ് മാര്‍ഗം അഞ്ഞൂറോളം കണ്ടെയ്‌നറുകള്‍ എത്തിക്കുന്ന വ്യാപാര മേഖലകളില്‍ നിന്നുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇതിന്റെ 80 ശതമാനവും കപ്പല്‍ വഴിയാക്കാനാണ് ഇവര്‍ സന്നദ്ധത അറിയിച്ചത്.

    അഴീക്കല്‍ തുറമുഖത്തെ കപ്പല്‍ ചാലിന്റെ ആഴം 3.2 മീറ്ററാക്കണമെന്നും തുറമുഖം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സാഹചര്യം ഒരുക്കണമെന്നും കപ്പല്‍ കമ്പനി പ്രതിനിധികളായ കിരണ്‍ നന്ദ്രെ, ജോര്‍ജ് റോഷന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഒരു കപ്പല്‍ കൂടി അഴീക്കല്‍ വഴി സര്‍വീസ് നടത്താന്‍ സജ്ജമാക്കുമെന്നും ഇവര്‍ പറഞ്ഞു.

    ഇ.ഡി.ഐ സംവിധാനം ആരംഭിക്കാനുള്ള കംപ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും സംഭാവന നല്‍കാനും ലോജിസ്റ്റിക് സംവിധാനം മെച്ചപ്പെടുത്താന്‍ വാഹനങ്ങള്‍ തരപ്പെടുത്താനും തയ്യാറാണെന്ന് യോഗത്തില്‍ പങ്കെടുത്ത സംരംഭകര്‍ ഉറപ്പുനല്‍കി.

    യോഗത്തില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഡോ.ജോസഫ് ബെനവന്‍, ഓണററി സെക്രട്ടറി ഹനീഷ് കെ. വാണിയങ്കണ്ടി, വൈസ് പ്രസിഡന്റ് ടി.കെ. രമേഷ് കുമാര്‍, പി.കെ. മെഹബൂബ് (വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ്), മുഹമ്മദ് മദനി (എബിസി ഗ്രൂപ്പ്), മുഹമ്മദ് ഫൈസല്‍ (ഓക്‌സി വുഡ്), ഫൈസല്‍ (സണ്‍ലൈറ്റ് പ്ലൈവുഡ്), ഷാനിസ് (പ്ലസ്റ്റീജ് പ്ലൈവുഡ്) തുടങ്ങിയവര്‍ പങ്കെടുത്തു.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728