Header Ads

ad728
  • Breaking News

    ശ്രീനാരായണഗുരു വിശ്വസാഹോദര്യത്തിന്റെ ദാർശനിക തേജസ് : ഫാ.ചാക്കോ കുടിപ്പറമ്പിൽ



    പയ്യാവൂർ: വിശ്വസാഹോദര്യത്തിന്റെ  ദാർശനിക തേജസ്സാണ് ശ്രീനാരായണ ഗുരുവെന്ന് കെ.സി.ബി.സി.മദ്യവിരുദ്ധസമിതി,മുക്തിശ്രീ ഡയറക്ടർ ഫാ.ചാക്കോ കുടിപ്പറമ്പിൽ.തലശ്ശേരി കുട്ടിക്കളം ശ്രീനാരായണധർമ്മ പരിപാലന സംഘം ക്ഷേത്രത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിൽ പങ്കെടുത്ത് സാംസ്ക്കാരിക പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതമെന്തിനുവേണ്ടിയായിരിക്കണം എന്ന ചോദ്യത്തിന് മനുഷ്യനന്മക്ക് എന്ന ശ്രേഷ്ഠമായ ഉത്തരമാണ് ഗുരുവിന്റെ മറുപടി.പന്തിഭോജനം പ്രോത്സാഹിപ്പിച്ചതു വഴി ജാതി,മത,വർണ്ണ,വർഗ്ഗ വ്യത്യാസങ്ങളെ ഇകഴ്ത്തിക്കാണിക്കുകയും ചെയ്തു.ഇന്നും ഒരുമിച്ച് ഇരുന്ന് ഭക്ഷിക്കാനാവാത്ത ദുർമേദസ്സുള്ള  മൃഗതുല്യരായ ദുഷ്ടമനുഷ്യർക്ക് ഗുരുമൊഴി കണ്ണ് തുറപ്പിക്കുന്നതാണ്. വഴിനടപ്പ്,ആരാധന,വിദ്യാഭ്യാസം എന്നിവക്കുള്ള സ്വാതന്ത്രത്തിനുവേണ്ടിയുള്ള  ഗുരുവിന്റെ ഇടപെടൽ അതിശയിപ്പിക്കുന്ന വിധം തന്നെയാണ്.
    നാല്പത്തിമൂന്നിലധികം ക്ഷേത്രങ്ങളിൽ ശിവലിംഗ പ്രതിഷ്ഠനടത്തിയ ഗുരു വിശ്വാസികളെ ഓർമ്മിപ്പിച്ചു ,എത്ര വെളിച്ചം പുറമേ ഉണ്ടെങ്കിലും ഉള്ളിൽ വെളിച്ചമില്ലാത്ത വിശ്വാസി പാരതന്ത്ര്യത്തിന് അടിമപ്പെട്ടവനാണ് എന്നും;അതിനാൽ വിദ്യ കൂടി സ്വായത്തമാക്കി സ്വാതന്ത്ര്യപ്രാപ്തി നേടണമെന്നും , സ്വകീയപ്രിയം അപരപ്രിയമായി വരണമെന്നും,മദ്യം വിഷമാണ്,അത് ഉണ്ടാക്കരുത് ,കുടിക്കരുത്,കൊടുക്കരുത് എന്നും ഗുരു പ്രസ്താവിച്ചു.ഇങ്ങനെ എക്കാലത്തേയും ഗുരുക്കളിൽ മനുഷ്യ സ്നേഹിയും മനുഷ്യ സ്നേഹികളിൽ ഗുരുവുമായി ശ്രീനാരായണഗുരു യുഗങ്ങളെ വഴിനടത്തുന്ന നന്മയായി കേരളക്കരയുടെ അഭിമാനംകൂടിയായി വിരാജിക്കുന്നു എന്നും ഫാ.കുടിപ്പറമ്പിൽ പറഞ്ഞു.ക്ഷേത്ര ഭാരവാഹികളായ രാജൻ ചാലിയത്ത്,സുരേഷ് കുട്ടിക്കളം,മനോഹരൻ എരഞ്ഞോളി,ചന്ദ്രൻ പൊന്ന്യം എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728