Header Ads

ad728
  • Breaking News

    ലോര്‍ഡ്സിൽ ഇന്ത്യയുടെ ആവേശകരമായ വിജയം, ബട്‍ലറെ വീഴ്ത്തി സിറാജ്


    ലോര്‍ഡ്സിൽ ഇംഗ്ലണ്ടിനെ മുട്ട് കുത്തിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങളെ ജോസ് ബട്‍ലറും വാലറ്റവും ചേര്‍ന്ന് ഇല്ലാതാക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് വിജയം പിടിച്ചെടുത്ത് ഇന്ത്യ. ഇന്ന് വിരാട് കോഹ്‍ലി ജസ്പ്രീത് ബുംറയുടെ ഓവറിൽ ബട്‍ലറുടെ ക്യാച്ച് കൈവിട്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും മത്സരം അവസാനിക്കുവാന്‍ 9ൽ താഴെ ഓവറുള്ളപ്പോള്‍ ബട്‍ലറെ പുറത്താക്കി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു._

    _ബട്‍ലറെയും ജെയിംസ് ആന്‍ഡേഴ്സണെയും ഒരേ ഓവറിൽ പുറത്താക്കി 51.5 ഓവറിൽ 120 റൺസിന് ഓള്‍ഔട്ട് ആക്കിയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. 151 റൺസിന്റെ വിജയം ആണ് ഇന്ത്യ ഇന്ന് നേടിയത്._

    _ചായയ്ക്ക് ശേഷം ആദ്യ ഓവറിൽ തന്നെ ജോ റൂട്ടിനെ കോഹ്‍ലിയുടെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് അനുകൂലമായി മത്സരം മാറ്റിയപ്പോള്‍ മോയിന്‍ അലിയും ബട്‍ലറും ചേര്‍ന്ന് പ്രതിരോധം തീര്‍ക്കുകയായിരുന്നു._

    _അടുത്തടുത്ത പന്തുകളിൽ മോയിന്‍ അലിയെയും സാം കറനെയും പുറത്താക്കി സിറാജ് വീണ്ടും മത്സരത്തിലേക്ക് ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യമാക്കുകയായിരുന്നു. പിന്നീട് എട്ടാം വിക്കറ്റിൽ ഒല്ലി റോബിന്‍സണേ കൂട്ടുപിടിച്ച് ജോസ് ബട്‍ലര്‍ അവസാന ഓവറുകളിൽ ഇംഗ്ലണ്ടിന്റെ രക്ഷകനായി മാറുമെന്നാണ് തോന്നിപ്പിച്ചത്._

    _പത്തോവറിൽ താഴെ മാത്രം മത്സരത്തിൽ അവശേഷിക്കുമ്പോള്‍ ഒല്ലി റോബിന്‍സണെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇന്ത്യ മത്സരം ആവേശകരമാക്കി മാറ്റി. 30 റൺസാണ് എട്ടാം വിക്കറ്റിൽ ഒല്ലി റോബിന്‍സണും ജോസ് ബട്ലറും ചേര്‍ന്ന് നേടിയത്._

    _തൊട്ടടുത്ത ഓവറിൽ ജോസ് ബട്‍ലറെ വീഴ്ത്തി സിറാജ് ഇന്ത്യയുടെ വിജയം ഒരു വിക്കറ്റ് അകലെ വരെ എത്തിച്ചു. അതെ ഓവറിൽ ജെയിംസ് ആന്‍ഡേഴ്സണെയും പുറത്താക്കി സിറാജ് തന്റെ നാലാമത്തെ വിക്കറ്റും ഇന്ത്യയുടെ വിജയവും സാധ്യമാക്കുകയായിരുന്നു._

    _ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് 33 റൺസ് നേടി പുറത്തായപ്പോള്‍ ജോസ് ബട്‍ലര്‍ 25 റൺസ് നേടി തനിക്ക് ലഭിച്ച ജീവന്‍ദാനം മുതലാക്കുവാന്‍ ശ്രമിച്ചുവെങ്കിലും അവസാനം കടമ്പ കടക്കുവാന്‍ സാധിച്ചില്ല. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്നും ഇഷാന്ത് ശര്‍മ്മ രണ്ടും വിക്കറ്റ് നേടി._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728