Header Ads

ad728
  • Breaking News

    ബേപ്പൂരിൽനിന്ന് മീൻപിടിക്കാൻപോയി ലക്ഷദ്വീപിലെത്തി; 630 രൂപയുടെ മീൻപിടിച്ചതിന് പിഴ പത്തിരട്ടി, 14 ദിവസമായി കടലിൽ


    _*ബേപ്പൂർ:* അതിർത്തി ലംഘിച്ചെന്നാരോപിച്ച് ലക്ഷദ്വീപിൽ പിടികൂടിയ ഫൈബർ ബോട്ടിലെ എട്ട് മലയാളി മത്സ്യത്തൊഴിലാളികൾ 14 ദിവസമായിട്ടും നാട്ടിലെത്താനാകാതെ കടുത്ത ദുരിതത്തിൽ. ഭക്ഷണവും കുടിവെള്ളവും തീർന്നതോടെ ആഴക്കടലിൽ ബോട്ടിനുള്ളിൽത്തന്നെ കഴിയുന്ന തൊഴിലാളികൾ കടുത്ത മാനസിക ശാരീരിക പ്രയാസങ്ങളാണ് നേരിടുന്നത്. സ്രാങ്ക് വിജിൻ പ്രകാശ്, തിരുവനന്തപുരം പൊഴിയൂർ സ്വദേശികളായ ജെ.പി. ജോയ്‌മോൻ, എസ്. ടെൻസ്റ്റോൺ, എം. സിബി, വിമൽ വർഗീസ്, സുനിൽ കുമാർ, മാറാട് സ്വദേശി പ്രസാദ് എന്നിവരാണ് ബോട്ടിൽ കുടുങ്ങിയത്._

    _ഈ മാസം നാലിന് ബേപ്പൂരിൽ നിന്ന് മീൻപിടിത്തത്തിന് പോയ ചാലിയം ചെറുപുരയ്ക്കൽ ഷറഫുദീന്റെ ഉടമസ്ഥതയിലുള്ള 'അൽ ഇലാഹി' എന്ന ഫൈബർ ബോട്ടാണ് അഞ്ചാം തീയതി ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിന് സമീപം പിടിയിലായത്. സമുദ്രാതിർത്തി ലംഘിച്ചുവെന്ന് കാണിച്ച് ആന്ത്രോത്ത് ദ്വീപിലെ മത്സ്യത്തൊഴിലാളികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ് ബോട്ടും തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തത്._

    _ബേപ്പൂരിൽ നിന്ന് പുറപ്പെടുമ്പോൾ ഒരാഴ്ചത്തേക്കുള്ള ഭക്ഷണസാധനങ്ങൾ മാത്രമാണ് തൊഴിലാളികൾ ബോട്ടിൽ കരുതിയിരുന്നത്. പിടിക്കപ്പെട്ട് 14 ദിവസം പിന്നിട്ടതോടെ ഭക്ഷണവും കുടിവെള്ളവും പൂർണമായും തീർന്നു._ _നിലവിൽ ബോട്ടിനകത്തു തന്നെ കഴിയുന്ന തൊഴിലാളികൾ കടുത്ത മാനസികബുദ്ധിമുട്ടും ക്ഷീണവും അനുഭവിക്കുന്നതായി ബോട്ട് ഉടമ ഷറഫുദ്ദീൻ പറഞ്ഞു._ _കൂടാതെ, ബോട്ടിലുണ്ടായിരുന്ന അഞ്ചു ലക്ഷം രൂപ വിലവരുന്ന ഗിൽനെറ്റ് വല ആന്ത്രോത്ത് ദ്വീപിലെ മത്സ്യത്തൊഴിലാളികൾ നശിപ്പിച്ചതായും ഉടമ പരാതിപ്പെട്ടു. ലൈസൻസില്ലാതെ ലക്ഷദ്വീപിന്റെ അതിർത്തി ലംഘിച്ച് 630 രൂപയുടെr മത്സ്യം പിടിച്ചെന്നു കാണിച്ച് കവരത്തിയിലെ ഓഫീസിൽ നിന്നും ബോട്ട് ഉടമയ്ക്ക് ഇ -മെയിൽ ലഭിച്ചിരുന്നു. പിടിച്ച മത്സ്യം ലേലത്തിൽ വിൽപ്പന നടത്തി അതിന്റെ പത്തിരട്ടിയാണ് സാധാരണയായി പിഴയൊടുക്കേണ്ടത്. ഇങ്ങനെ 630ന്റെ പത്തിരട്ടി 6300 രൂപ പിഴ പിഴയൊടുക്കാൻ തയ്യാറാണെന്നും അറിയിച്ച് മറുപടി മെയിൽ അയച്ചു, പിന്നീട് ആന്ത്രോത്ത് ദ്വീപിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരു തുടർനടപടിയും ഉണ്ടായിട്ടില്ലെന്ന് ബോട്ട് ഉടമ പറയുന്നു._

    _തൊഴിലാളികളെ എത്രയുംവേഗം സുരക്ഷിതരായി നാട്ടിലെത്തിക്കാൻ കേരളസർക്കാരും ബന്ധപ്പെട്ട അധികാരികളും അടിയന്തരമായി ഇടപെടണമെന്നാണ് കുടുംബാംഗങ്ങളുടെയും ബോട്ട് ഉടമയുടെയും ആവശ്യം._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728