വടകരയിൽ വിദ്യാർഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; സ്കൂളിലെ കിണറ്റിലെ വെള്ളം അധികൃതർ പരിശോധനയ്ക്ക് അയച്ചു
വടകര: വടകരയിൽ വിദ്യാർഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. മേപ്പയിൽ എസ്ബി സ്കൂളിലെ വിദ്യാർഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സ്കൂളിലെ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ ഏറ്റ് ഈ വിദ്യാർഥി ചികിത്സയിലായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് വൈകുന്നേരത്തോടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി 30ഓളം വിദ്യാർഥികളാണ് വടകര താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയത്.
ഇതിൽ രോഗലക്ഷണങ്ങൾ കാണിച്ച നാല് കുട്ടികളുടെ സാമ്പിളുകൾ കോഴിക്കോട്ടെ ഒരു ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇതിലൊരു കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളുടെ പരിശോധന ഫലങ്ങൾ ഇനി പുറത്ത് വരാനുണ്ട്.
കോഴിക്കോട് ഡിഎംഒയും വടകര താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടുമടക്കമുള്ള ഒരു സംഘം സ്കൂളിൽ ഇന്ന് സന്ദർശനം നടത്തിയിരുന്നു. സ്കൂളിൽ നിന്ന് കുട്ടികൾക്ക് ഭക്ഷണവും വെള്ളവും നൽകുന്നത് താത്കാലികമായി നിർത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
വിദ്യാർഥിക്ക് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സ്കൂളിലെ കിണറ്റിലെ വെള്ളം അധികൃതർ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റാർക്കും രോഗ ലക്ഷണങ്ങളില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
No comments