Header Ads

ad728
  • Breaking News

    ഇന്ദിരാഗാന്ധിയുടെ പേരുകൾ ഒഴിവാക്കി കേന്ദ്രം; അഞ്ച് സാമൂഹ്യസുരക്ഷാ പദ്ധതികൾക്ക് പുതിയ പേര്; ഭിന്നശേഷി പെൻഷൻ മാനദണ്ഡങ്ങളിലും മാറ്റം

    ന്യൂഡൽഹി: രാജ്യത്തെ അഞ്ച് ദേശീയ സാമൂഹ്യസുരക്ഷാ പദ്ധതികളുടെ പേരുകൾ മാറ്റാൻ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന പെൻഷൻ പദ്ധതികളിൽ നിന്ന് പേര് ഒഴിവാക്കി പകരം ‘പ്രധാനമന്ത്രി’ എന്ന പേര് ഉൾപ്പെടുത്താനാണ് തീരുമാനം. പദ്ധതികൾ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി തുടരുന്നതിനായി 53,428 കോടി രൂപ അനുവദിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.

    ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്കീം ഇനി മുതൽ ‘പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെൻഷൻ യോജന’ എന്ന പേരിൽ അറിയപ്പെടും. ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി, വിധവാ പെൻഷൻ പദ്ധതി എന്നിവയുടെ പേരുകളിലും മാറ്റമുണ്ടാകും. ദേശീയ കുടുംബ സഹായ പദ്ധതി, ദേശീയ സാമൂഹ്യസുരക്ഷാ സഹായ പദ്ധതി എന്നിവയുടെ പേരുകളും ഹിന്ദിയിലേക്ക് മാറ്റാനാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം

    ഭിന്നശേഷി പെൻഷന് കൂടുതൽ പേർക്ക് അർഹത

    ഭിന്നശേഷി പെൻഷൻ പദ്ധതിയിലെ മാനദണ്ഡങ്ങളിലും കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ 80 ശതമാനം ഭിന്നശേഷിയുള്ളവർക്ക് മാത്രം ലഭിച്ചിരുന്ന പെൻഷൻ ഇനി 40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിയുള്ളവർക്കും ലഭ്യമാക്കാനാണ് തീരുമാനം. ജനനം മുതൽ ഭിന്നശേഷിയുള്ള കുട്ടികൾക്കും പെൻഷന് അർഹതയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.

    അഞ്ച് വർഷത്തേക്ക് കൂടി പദ്ധതി തുടരും

    ദേശീയ സാമൂഹ്യസുരക്ഷാ പദ്ധതികൾ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി തുടരുന്നതിനായി 53,428 കോടി രൂപയാണ് കേന്ദ്രം നീക്കിവെക്കുന്നത്. വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ തുടങ്ങിയവർക്കുള്ള സാമൂഹ്യസുരക്ഷാ സഹായങ്ങൾ ഇതിലൂടെ തുടരും.

    അതേസമയം, പെൻഷൻ പദ്ധതികളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. പ്രതിപക്ഷം കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പേരുമാറ്റ നടപടിയെന്നതും ശ്രദ്ധേയമാണ്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728