ജര്മനിയില് കെട്ടിടത്തിന് തീപ്പിടിച്ച് മൂന്നു മലയാളികള് മരിച്ചു; അഞ്ചു പേര്ക്ക് പരിക്ക്; റൊമാനിയന് പൗരന് അറസ്റ്റില്
ബെര്ലിന്: ജര്മനിയില് ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില് മൂന്ന് മലയാളികള് കൊല്ലപ്പെട്ടു. ജര്മനിയിലെ ബോഹും നഗരത്തിലെ പാര്പ്പിട മേഖലയിലെ ഫ്ലാറ്റില് ചൊവ്വ പുലര്ച്ചെ പ്രാദേശിക സമയം 4.15 നാണ് തീപിടിത്തമുണ്ടായത്. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാര് സ്വദേശിനി നോവ സാബു (25), പെരിനാട് ചെമ്മക്കാട് അശ്വനി നിവാസില് ഡി ജോയിയുടെയും ഷീല ജോയിയുടെയും മകള് അഞ്ജലി എസ് ജോയ് (27), കാലടി തോട്ടകം സ്വദേശി സിവിന് ജോണി (27) എന്നിവരാണ് മരിച്ചത്. അഞ്ചുപേര് പുക ശ്വസിച്ച് അവശനിലയില് ആശുപത്രിയിലാണ്. കെട്ടിടത്തിനു തീവച്ചതാണെന്ന സംശയത്തില് ഒരു റൊമാനിയന് പൗരനെ പോലിസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. നോവ 6 മാസം മുന്പാണ് ജര്മനിയിലെത്തിയത്. അഞ്ജലി ഈ വര്ഷം ജൂലൈയില് ആണ് ജര്മനിയിലേക്ക് ജോലിക്കായി പോയത്. അവിടെ സ്വകാര്യ കമ്പനിയുടെ വെയര്ഹൗസ് സര്വീസില് ആയിരുന്നു ജോലി. ബി എഡ് ബിരുദധാരിയാണ്. സഹോദരി: അശ്വനി എസ് ജോയ്. രണ്ടാഴ്ച മുന്പാണ് സിവിന് ജോണി ജര്മനിക്കു പോയത്
അഗ്നിരക്ഷാസേനയെത്തിയാണ് വലിയ തോതില് വ്യാപിച്ച തീ അണച്ചത്. കനത്ത തീയും പുകയും മൂലം മുകളിലുള്ള നിലകളിലേക്കു കയറാന് ബുദ്ധിമുട്ടായിരുന്നെന്നും തീ നിയന്ത്രണവിധേയമാക്കാന് സമയമെടുത്തെന്നും അഗ്നിരക്ഷാസേന അറിയിച്ചു. മുകളിലുള്ള ഫ്ലാറ്റില്നിന്നാണ് മൂന്നു മൃതദേഹങ്ങള് അഗ്നിശമന സേനാംഗങ്ങള് കണ്ടെത്തിയത്. പുക ശ്വസിച്ച് അവശരായ 5 പേരെ രക്ഷപ്പെടുത്തി ആശുപത്രികളില് പ്രവേശിപ്പിച്ചു. ഇവര് ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല.അതേ കെട്ടിടത്തില് താമസിച്ചിരുന്ന 41 കാരനായ റൊമാനിയന് പൗരനെയാണ് പോലിസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര് പറഞ്ഞു.
No comments