ശബ്‍ദം കൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞു, കാഴ്ചാപരിമിതിയുള്ള യുവതിയോട് ട്രെയിനില്‍ കൊടും ക്രൂരത; 46കാരന് 15 വര്‍ഷം കഠിനതടവ്
_തിരുവനന്തപുരം: ട്രെയിനില്‍ വെച്ച് കാഴ്ചാപരിമിതിയുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം കഠിനതടവും 30,000രൂപ പിഴയും വിധിച്ചു._
_തമിഴ്നാട് തിരുനെല്‍വേലി രാധാപുരം തിസഗ്യവിള കീഴാവൂർ സ്വദേശി ലിംഗരാജ(46)യെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി.വിനോദ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം അധിക കഠിനതടവ് അനുഭവിക്കണം. 2021 ഓഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം._
_ഗുരുവായൂരില്‍ ട്രെയിനില്‍ നിന്ന് വിവാഹാവശ്യത്തിന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന യുവതിക്ക് കാഴ്ചയില്ലെന്ന് മനസിലാക്കിയ പ്രതി, യുവതിയുള്ള കോച്ചിലേക്ക് കയറുകയായിരുന്നു. ആലുവ മുതല്‍ കൊല്ലം വരെ യുവതിയെ പ്രതി പീഡിപ്പിച്ചു. തിരുവനന്തപുരത്തെത്തിയശേഷം മറ്റൊരു കോച്ചിലുണ്ടായിരുന്ന സുഹൃത്തിനെ വിളിച്ച് യുവതി പീഡന വിവരം പറഞ്ഞു. തുടർന്ന് റെയില്‍വേ പൊലീസും തമ്പാനൂർ റെയില്‍വേ പൊലീസും ചേർന്ന് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു._
_ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ പ്രോസിക്യൂഷൻ സാഹചര്യത്തെളിവുകള്‍ ഹാജരാക്കി. ഒപ്പം യുവതിക്ക് കാഴ്ച ശക്തിയില്ലാതിരുന്നതിനാല്‍ ശബ്ദം കേള്‍പ്പിച്ചാണ് യുവതിയില്‍ നിന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ.പ്രമോദ് ഹാജരായി. അന്നത്തെ തിരുവനന്തപുരം റെയില്‍വേ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന പ്രസാദ്,അഭിലാഷ് ഡേവിഡ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നല്‍കിയത്._
No comments