യുവാക്കളുടെ ഭാവി തകർക്കുന്നവരെ ഒരു കാരണവശാലും വെറുതെവിടില്ല. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
യുവാക്കളുടെ ഭാവി തകർക്കുന്നവരെ ഒരു കാരണവശാലും വെറുതെവിടില്ല. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ഭാവി തകർക്കുന്നവരെ ഒരു കാരണവശാലും വെറുതെവിടില്ലെന്നും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസ് വേഗത്തിൽ തീർപ്പാക്കുന്നതിനും കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനുമായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഇതിനായുള്ള കർശന നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന് 81 ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി വിഷയത്തിൽ ആദ്യമായി പരസ്യമായി പ്രതികരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും തെരുവിൽ ശക്തമായ പ്രതിഷേധവുമായി ഇറങ്ങിയതിനും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനും പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ.
പ്രധാനമന്ത്രിയുടെ പ്രതികരണം വന്നെങ്കിലും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. മോദിയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് 'ധർമേന്ദ്ര പ്രധാൻ രാജിവെക്കണം' എന്ന ക്യാപ്ഷനാണ് അവർ പങ്കുവെച്ചിരിക്കുന്നത്.
No comments