സാരി വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവിനെ കുക്കര്‍ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍
ബദലാപൂർ: സാരി വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഭർത്താവിനെ പ്രഷർ കുക്കറിന്റെ മൂടി കൊണ്ട് തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍.ബീഹാർ രോഹ്താസ് സ്വദേശിനിയായ സുനിതാദേവിയെയാണ് (35) മഹാരാഷ്ട്രയിലെ ബദലാപൂർ ഈസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തത്. ഹരേറാം കിഷുൻജി സിംഗ് ആണ് കൊല്ലപ്പെട്ടത്.
സാരികള്‍ വാങ്ങി നല്‍കുന്നതിനെച്ചൊല്ലി ചൊവ്വാഴ്ചയാണ് ഇരുവരും തമ്മില്‍ കടുത്ത തർക്കമുണ്ടായത്. വഴക്ക് രൂക്ഷമായതോടെ ഇവരുടെ ഏഴ് വയസ്സുള്ള മകൻ സഹായം അഭ്യർത്ഥിച്ച് താഴത്തെ നിലയിലുള്ള വീട്ടുടമസ്ഥന്റെ അടുത്തേക്ക് ഓടിപ്പോയി. എന്നാല്‍ വീട്ടുടമസ്ഥൻ സ്ഥലത്തെത്തുമ്പോഴേക്കും സുനിതാദേവി കൊലപാതകം നടത്തിയിരുന്നു.
വീട്ടുടമ എത്തിയപ്പോള്‍ ഭർത്താവിന് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചു എന്നാണ് സുനിതാദേവി വിശ്വസിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് മൃതദേഹം ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് തലയിലെ ഗുരുതരമായ പരുക്ക് ഡോക്ടർമാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ മരണം ഹൃദയാഘാതം മൂലമല്ലെന്നും, ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നും വ്യക്തമായതായി ബദലാപൂർ ഈസ്റ്റ് പൊലിസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ നിതിൻ പാട്ടീല്‍ അറിയിച്ചു.
വീട്ടുടമസ്ഥന്റെയും കൊല്ലപ്പെട്ട ഹരേറാമിന്റെ ബന്ധുക്കളുടെയും മൊഴികള്‍ സുനിതാദേവിക്ക് എതിരായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവർ കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂലൈ 29 വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.
No comments