ട്രോളിബാഗ് വാങ്ങിയ ശേഷം മുങ്ങി; കണ്ണൂരില്‍ യാത്രക്കാരിയെ പറ്റിച്ച വ്യാജ പോര്‍ട്ടറെ പിടികൂടി റയില്‍വേ പോലീസ്
റെയില്‍വേ പോർട്ടറുടെ വ്യാജ വേഷമണിഞ്ഞ് ട്രെയിൻ യാത്രക്കാരിയുടെ ട്രോളി ബാഗ് മോഷ്ടിച്ച പ്രതി മണിക്കൂറുകള്‍ക്കകം പിടിയിലായി.ഉളിക്കല്‍ മണിക്കടവ് സ്വദേശി ഷിജോ തോമസ് (46) ആണ് റെയില്‍വേ പോലീസിന്റെയും ആർ.പി.എഫിന്റെയും സംയുക്ത പരിശോധനയില്‍ വലയിലായത്. കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
തിരുവനന്തപുരത്തേക്ക് പോകാൻ കണ്ണൂർ സ്റ്റേഷനിലെത്തിയ വന്ദേഭാരത് എക്സ്പ്രസ് (20633) യാത്രക്കാരിയാണ് തട്ടിപ്പിനിരയായത്. സ്റ്റേഷനിലെ യഥാർത്ഥ പോർട്ടർമാരെ ഓർമ്മിപ്പിക്കുന്ന ചുവന്ന ടീഷർട്ട് ധരിച്ചാണ് ഷിജോ തോമസ് ഇവരുടെ മുന്നിലെത്തിയത്. ബാഗ് കമ്പാർട്ട്മെന്റില്‍ എത്തിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ഇയാള്‍ യാത്രക്കാരില്‍ നിന്ന് ട്രോളി ബാഗ് കൈക്കലാക്കുകയായിരുന്നു.പരാതിയെ തുടർന്ന് റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ പ്രതി ബാഗുമായി ഒഴിഞ്ഞുകിടന്ന കെട്ടിടത്തിലേക്ക് പോകുന്നത് കണ്ടു. തുടർന്ന് നടന്ന പരിശോധനയിലാണ് പിടിയിലായത്. റെയില്‍വേ പോലീസ് എസ്.ഐ. പി.കെ. സന്തോഷ്, ആർ.പി.എഫ്.എ. എസ്.ഐ. സഞ്ജയ് കുമാർ, എൻ.പി. ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.
No comments