ലേഡീസ് കോച്ചിൽ പുരുഷന്മാർ കയറിയാൽ 2,500 പിഴ : ജൂലൈ 1 മുതൽ റെയിൽവേയുടെ കർശന നടപടി
ട്രെയിനുകളിലെ സ്ത്രീകൾക്കായി സംവരണം ചെയ്ത ലേഡീസ് കോച്ചുകളിൽ അനധികൃതമായി യാത്ര ചെയ്യുന്ന പുരുഷന്മാർക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യൻ റെയിൽവേ. പുതിയ നിയമപ്രകാരം ഇത്തരം യാത്രക്കാരിൽ നിന്ന് ₹2,500 വരെ സ്പോട്ട് ഫൈൻ ഈടാക്കും. 2026 ജൂലൈ 1 മുതൽ രാജ്യവ്യാപകമായി ഈ നിയമം പ്രാബല്യത്തിൽ വരും.
വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, പൂവാലശല്യം തടയുക, സംവരിത കോച്ചുകളിലേക്കുള്ള അനധികൃത പ്രവേശനം ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് റെയിൽവേയുടെ പുതിയ നടപടി. നിലവിൽ 1989-ലെ റെയിൽവേ ആക്ടിലെ സെക്ഷൻ 162 പ്രകാരം പരമാവധി ₹500 ആയിരുന്ന പിഴയാണ് ₹2,500 ആയി വർധിപ്പിച്ചിരിക്കുന്നത്.
പുതുക്കിയ വ്യവസ്ഥകൾ അനുസരിച്ച്, ലേഡീസ് കോച്ചുകളിലോ സ്ത്രീകൾക്കായി മാത്രം സംവരണം ചെയ്ത ബെർത്ത്, സീറ്റ്, കമ്പാർട്മെന്റ് എന്നിവയിലോ അനുമതിയില്ലാതെ പ്രവേശിക്കുന്ന പുരുഷന്മാർക്ക് പിഴ ചുമത്തുകയും ആവശ്യമായാൽ കോച്ചിൽ നിന്ന് പുറത്താക്കുകയും ചെയ്യും. പിഴ അടയ്ക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യാനും വ്യവസ്ഥയുണ്ട്. കുറ്റം തെളിഞ്ഞാൽ ₹5,000 വരെ അധിക പിഴ ലഭിക്കാനും സാധ്യതയുണ്ട്.
രാത്രികാല സർവീസുകളിലും തിരക്കേറിയ സമയങ്ങളിലും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ടിക്കറ്റ് പരിശോധന വിഭാഗം (ടിടിഇ) എന്നിവരുടെ പരിശോധന ശക്തമാക്കും. പ്രത്യേകിച്ച് ദീർഘദൂര ട്രെയിനുകളിലെ വനിതാ കോച്ചുകൾക്ക് കൂടുതൽ നിരീക്ഷണം ഏർപ്പെടുത്താനാണ് തീരുമാനം.
പുതിയ നിയമത്തെക്കുറിച്ച് യാത്രക്കാരെ ബോധവൽക്കരിക്കുന്നതിനായി സ്റ്റേഷനുകളിലും ട്രെയിനുകളിലും പ്രത്യേക അറിയിപ്പുകളും പ്രഖ്യാപനങ്ങളും നൽകുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
No comments