വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നത് എണ്ണക്കമ്പനികൾ മരവിപ്പിച്ചു; ഗാർഹിക ഉപഭോക്താക്കൾക്ക് മുൻഗണന
കോഴിക്കോട്: രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള എൽപിജി ലഭ്യത ഉറപ്പാക്കുന്നതിനായി വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നത് പൊതുമേഖലാ എണ്ണക്കമ്പനികൾ താൽക്കാലികമായി മരവിപ്പിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ബിപിസിഎൽ (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നീ കമ്പനികളാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
വാണിജ്യ ആവശ്യങ്ങൾക്കായി നീക്കിവെച്ചിട്ടുള്ള പാചകവാതക വിഹിതം കൂടി ഇനി മുതൽ ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് കേന്ദ്ര സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശം. വരും ദിവസങ്ങളിൽ വീടുകളിലേക്കുള്ള ഗ്യാസ് വിതരണത്തിൽ തടസ്സമില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ നീക്കം.
വിപണിയിൽ പ്രതിസന്ധി:
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചേളാരി എൽപിജി ബോട്ട്‌ലിങ് പ്ലാന്റിൽ വാണിജ്യ സിലിണ്ടറുകൾ നിറയ്ക്കുന്നത് തുടർച്ചയായ രണ്ടാം ദിവസവും തടസ്സപ്പെട്ടു. ഇത് വിപണിയിൽ ഏകദേശം 14,700 വാണിജ്യ സിലിണ്ടറുകളുടെ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. 19 കിലോഗ്രാം സിലിണ്ടറുകൾക്ക് പുറമെ 5 കിലോഗ്രാമിന്റെ ചെറിയ വാണിജ്യ സിലിണ്ടറുകളും നിലവിൽ നിറയ്ക്കുന്നില്ല.
മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളെ പൂർണ്ണമായും തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളെ ഭാഗികമായും ബാധിക്കുന്ന ചേളാരി പ്ലാന്റിൽ ശനിയാഴ്ച മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. സമാനമായ രീതിയിൽ പാരിപ്പള്ളി ഐഒസി പ്ലാന്റിൽ നിന്നുള്ള സിലിണ്ടർ വിതരണത്തിലും 20 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകൾ ഉൾപ്പെടെയുള്ള വാണിജ്യ മേഖലയെ ഈ നടപടി വരും ദിവസങ്ങളിൽ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

No comments