രാഹുലിനെ അയോഗ്യനാക്കൽ സ്പീക്കറുടെ നിലപാട് നിർണായകം
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിയമസഭയുടെ നടപടിയില്‍ നിയമോപദേശം നിര്‍ണായകമാകും. അറസ്റ്റ് നടപടി റിപ്പോർട്ട് എസ്ഐടി സ്പീക്കർക്ക് കൈമാറി. വിഷയം നിയമസഭയുടെ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് സ്പീക്കര്‍ വിട്ടാല്‍, തീരുമാനമെടുക്കുക സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ അടക്കമുള്ളവരാണ്. രാഹുലിനെ അയോഗ്യനാക്കുന്നത് അടക്കമുള്ള നടപടിയില്‍ എത്തിക്‌സ് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്യേണ്ടത്.
സിപിഎം പ്രതിനിധി മുരളി പെരുനെല്ലിയാണ് നിയമസഭ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിയുടെ അധ്യക്ഷന്‍. കമ്മിറ്റിയില്‍ എം വി ഗോവിന്ദന്‍, ടിപി രാമകൃഷ്ണന്‍, കെ കെ ശൈലജ, എച്ച് സലാം എന്നീ സിപിഎം എംഎല്‍എമാരും, സിപിഐയില്‍ നിന്ന് പി ബാലചന്ദ്രന്‍, ജെഡിഎസിന്റെ മാത്യു ടി തോമസ്, യുഡിഎഫിലെ റോജി എം ജോണ്‍ ( കോണ്‍ഗ്രസ്), യു എ ലത്തീഫ് ( മുസ്ലിം ലീഗ് ) എന്നിവര്‍ അംഗങ്ങളാണ്.
രാഹുലിനെ നീക്കണമെന്ന തീരുമാനം കമ്മിറ്റി ശുപാര്‍ശ ചെയ്യുകയും നിയമസഭ അംഗീകരിക്കുകയും ചെയ്താല്‍, സംസ്ഥാന നിയമസഭയില്‍ നിന്നും പുറത്താക്കപ്പെടുന്ന ആദ്യ എംഎല്‍എയാകും രാഹുല്‍ മാങ്കൂട്ടത്തില്‍. അറസ്റ്റ് ചെയ്ത വിവരം അറിയിച്ചുകൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ടിന്മേല്‍ അച്ചടക്ക നടപടി ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ സ്പീക്കര്‍ക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്താം. ഏതെങ്കിലും എംഎല്‍എ സമര്‍പ്പിക്കുന്ന പരാതിയിലും തുടര്‍നടപടിയാകാം.

No comments