Header Ads

ad728
  • Breaking News

    നടിയെ ആക്രമിച്ച കേസ്: മെമ്മറികാർഡിലെ അനധികൃത പരിശോധന; അതിജീവിത ഹൈക്കോടതിയിലേക്ക്; പൊലീസ് അന്വേഷണം ആവശ്യപ്പെടും


    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതില്‍ അതിജീവിത പൊലീസ് അന്വേഷണം ആവശ്യപ്പെടും. വസ്തുത പരിശോധന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. കോടതി കസ്റ്റഡിയിലുള്ള മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി മൂന്ന് തവണ പരിശോധിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതില്‍ വസ്തുതാ പരിശോധന പൂര്‍ത്തിയായെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു വസ്തുതാ പരിശോധന.

    മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി മൂന്ന് തവണ മൂന്ന് കോടതികളിലായി പരിശോധിച്ചുവെന്നാണ് ജില്ലാ ജഡ്ജിയുടെ അന്വേഷണറിപ്പോര്‍ട്ട്. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, വിചാരണകോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്. ലീന റഷീദ് മെമ്മറി കാര്‍ഡ് സ്വകാര്യകസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്തു. മെമ്മറികാര്‍ഡ് കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചുവെന്ന അതിജീവിതയുടെ ആരോപണം പൂര്‍ണമായി ശരിവെക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.

    മെമ്മറികാര്‍ഡ് ഹാഷ് വാല്യൂ മാറിയതില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം. റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് കൈമാറിയിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് ഒരുവര്‍ഷം സ്വകാര്യമായി മെമ്മറി കാര്‍ഡ് കൈവശം വെച്ച പല ഘട്ടങ്ങളിലായി പരിശോധിച്ചുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ് അങ്ങനെ ചെയ്തതെന്നായിരുന്നു മൊഴി. 2018 ഡിസംബര്‍ 13 ന് രാത്രി 10.52ന് ജഡ്ജിയുടെ പിഎയുടെ ഫോണിലും മെമ്മറി കാര്‍ഡ് ഇട്ട് പരിശോധിച്ചു. ഈ ഫോണ്‍ 2022ല്‍ യാത്രക്കിടെ നഷ്ടപ്പെട്ടതായും മൊഴിയുണ്ട്. ജഡ്ജിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന എന്നാണ് മൊഴി നല്‍കിയത്. 2021 ജൂലൈ 19നാണ് വിചാരണക്കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ മെമ്മറികാര്‍ഡ് പരിശോധിച്ചതെന്നും വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

    റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിചാരണകോടതി അതിജീവിതയ്ക്ക് നല്‍കിയിരുന്നില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് പകര്‍പ്പ് നേടിയെടുത്തത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728