കേരള ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത
തിരുവനന്തപുരം:പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് നാളെ അവതരിപ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍, ഒട്ടേറ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പുതിയ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തികാവലോകന റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ വെക്കും. ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് അവസാനിക്കും. ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് സംസാരിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കും.
ശബരിമല സ്വര്‍ണക്കൊള്ള ഇന്നും നിയമസഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ദേവസ്വം മന്ത്രിയുടെ രാജി, എസ്‌ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്ന സമ്മര്‍ദ്ദം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമായി പ്രതിപക്ഷം സമരത്തിലാണ്. ഈ സമരത്തിന്റെ ഭാഗമായി യുഡിഎഫ് എംഎല്‍എമാരായ സി ആര്‍ മഹേഷ്, നജീബ് കാന്തപുരം എന്നിവര്‍ സഭാ കവാടത്തില്‍ സത്യഗ്രഹസമരം തുടരുകയാണ്.
No comments