കെ.സുബൈര്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍.
തളിപ്പറമ്പ്: പി.കെ.സുബൈര്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍.
ഇന്ന് രാവിലെ നടന്ന ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് സുബൈര്‍(46) തെരഞ്ഞെടുക്കപ്പെട്ടത്.
എതിര്‍ സ്ഥാനാര്‍ത്ഥികളായ എല്‍.ഡി.എഫിലെ ടി.ബാലകൃഷ്ണന് 15 വോട്ടുകളും ബി.ജെ.പിയിലെ പി.വി.സുരേഷിന് 3 വോട്ടുകളും ലഭിച്ചു.
35 അംഗ നഗരസഭ കൗണ്‍സിലില്‍ 17 വോട്ടുകള്‍ നേടി രണ്ട് വോട്ടിനാണ് സുബൈര്‍ വിജയിച്ചത്.
യു.ഡി.എഫിലെ ദീപ രഞ്ജിത്താണ് വൈസ് ചെയര്‍പേഴ്‌സന്‍ സ്ഥാനാര്‍ത്ഥി.
എല്‍.ഡി.എഫും ബി.ജെ.പിയും വൈസ് ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്നുണ്ട്.
എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിലെത്തി യൂത്ത് ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം വരെ വഹിച്ച പി.കെ.സുബൈര്‍ നിലവില്‍ മുസ്ലിംലീഗ് കണ്ണൂര്‍ ജില്ല സെക്രട്ടെറിയാണ്.
എം.കോം ബിരുദധാരിയായ സുബൈര്‍ മുത്തേടത്ത് ഹൈസ്‌ക്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ എം.എസ്.എഫ് യൂണിറ്റ് വൈസ് പ്രസിഡന്റായിട്ടാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചത്.
എം.എസ്.എഫിന്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും മുസ്ലിംലീഗിന്റെയും ശാഖ തൊട്ട് സംസ്ഥാനം വരെയുള്ള എല്ലാ ഘടകങ്ങളിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച് പണിപടിയായി ഉയര്‍ന്നുവന്ന ജില്ലയിലെ അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ്.
തളിപ്പറമ്പ് മുനിസിപ്പല്‍ എം.എസ്.എഫ് പ്രഥമ പ്രസിഡന്റ്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, യൂത്ത് ലീഗ് മുക്കോല വാര്‍ഡ് ജനറല്‍ സെക്രട്ടറി, തളിപ്പറമ്പ് മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡന്റ്, തളിപ്പറമ്പ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായിരുന്ന യൂത്ത്‌ലീഗ് സംസ്ഥാന കമ്മറ്റിയില്‍ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുക്കോല ശാഖ ജനറല്‍ സെക്രട്ടറി, മുന്‍സിപ്പല്‍ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍, നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കഴിഞ്ഞ 21 വര്‍ഷമായി മുസ്ലിംലീഗിന്റെ തൊഴിലാളി സംഘടനയായ എസ്.ടി.യുവിന്റെ തളിപ്പറമ്പ് ബസാര്‍ ഏരിയ ചുമട്ടു തൊഴിലാളി യൂണിയന്‍ പ്രസിഡന്റ്, ഹൈവേ ഏരിയ ചുമട്ടുതൊഴിലാളിയൂണിയന്‍ പ്രസിഡന്റ്, സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
മൂന്നുവര്‍ഷം ചെന്നൈയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്‌സ് പ്രാക്ടീസ്, 21 വര്‍ഷം സ്വാശ്രയ മേഖലയില്‍ കോമേഴ്‌സ് അധ്യാപകന്‍,
തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
പരേതരായ എം.പി.മൊയ്തീന്‍കുട്ടി-പി.കെ.ഫാത്തിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: എം.സുമയ്യ. മക്കള്‍: സന, സിയാന്‍, അബ്ദുള്ള, ഫഹ്ദൂന്‍.
No comments