Header Ads

ad728
  • Breaking News

    മലപ്പട്ടത്തെ പാർക്കുകൾ സജീവമാകുന്നു ; ഇനി ഉല്ലാസ ബോട്ടുകളുമെത്തും





    ശ്രീകണ്ഠപുരം :- മലനാട്-മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മലപ്പട്ടം പഞ്ചായത്തിലെ മുനമ്പ്‌കടവ്, കൊവുന്തല പുഴയോരത്ത് നിർമിച്ച പാർക്കുകൾ ഒടുവിൽ തുറക്കുന്നു. ടെൻഡറും റീടെൻഡറും ക്ഷണിച്ചിട്ടും ഏറ്റെടുക്കാനാളില്ലാതായതോടെ ഏറെനാളായി പാർക്കുകൾ കാടുകയറി നശിക്കുകയായിരുന്നു. മയ്യിൽ ചെക്യാട്ടുകാവിലെ സൂൺ കാറ്ററിങ് ആൻഡ് ഇവന്റ്സ് ഗ്രൂപ്പാണ് നിലവിൽ മൂന്നുവർഷത്തേക്ക് പാർക്ക് ഏറ്റെടുത്തിരിക്കുന്നത്. പണി പൂർത്തിയായ ഉടൻ തന്നെ പാർക്കിലെ ആംഗ്ലിങ് യാർഡും നടപ്പാതയും പടവുകളുമൊക്കെ തകർന്നത് നേരത്തേ വിവാദമായിരുന്നു. തുടർന്ന് വിജിലൻസ് അന്വേഷണവും നടത്തിയിരുന്നു. ഇതിനുപിന്നാലെ വിനോദസഞ്ചാര വകുപ്പ് നവീകരണ പ്രവൃത്തികൾ നടത്തിയെങ്കിലും പാർക്ക് ഔദ്യോഗികമായി തുറന്നുകൊടുത്തിരുന്നില്ല.

    മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി വളപട്ടണം മുതൽ മലപ്പട്ടം മുനമ്പ് കടവ് വരെ 'മുത്തപ്പൻ ആൻഡ് മലബാറി ക്യൂസീൻ ക്രൂസ്' എന്നപേരിൽ നടത്തുന്ന പദ്ധതിയുടെ പ്രവർത്തനങ്ങളാണ് മലപ്പട്ടത്ത് നിർമിച്ചത്. മുനമ്പ് കടവ്, കൊവുന്തല ഭാഗങ്ങളിൽ 3.37 കോടി രൂപ ചെലവിലാണ് നിർമാണങ്ങൾ നടത്തിയത്. രണ്ട്ബോട്ട് ജെട്ടികൾ, ഫുഡ്കോർട്ട് കെട്ടിടം, ആർട്ടിഫിഷ്യൽ ആലകൾ, ചൂണ്ടയിട്ട് മത്സ്യം പിടിക്കാനുള്ള ആംഗ്ലിങ് യാർഡുകൾ, നടപ്പാത, ഇരിപ്പിടങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള കിയോസ്ക്, ശൗചാലയങ്ങൾ എന്നിവയെല്ലാം നിർമിച്ചിട്ടുണ്ട്.

    പാർക്കിനോട് ചേർന്നുള്ള ബോട്ടുജെട്ടികളിൽ ചെറിയ ഉല്ലാസ ബോട്ടുകൾ വരുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ആഴം കുറവായതിനാൽ വളപട്ടണം പുഴയിൽ നിന്ന് വേലിയേറ്റ സമയങ്ങളിലല്ലാതെ വലിയ ബോട്ടുകൾക്ക് മലപ്പട്ടത്തെത്താൻ സാധിക്കില്ല. ആഴം കുറഞ്ഞ ഭാഗങ്ങളിൽ ഡ്രെജ്ജിങ് നടത്തി ജലഗതാഗതം സുഗമമാക്കാൻ സർക്കാർ നവംബറിൽ രണ്ടര കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം പുഴയിൽ 5.85 കിലോമീറ്റർ ഭാഗത്തെ ആഴമാണ് വർധിപ്പിക്കുക.

    ഉണർവേകാൻ മലപ്പട്ടം ഫെസ്റ്റും പാർക്കുകൾ തുറക്കുന്നതിൻ്റെ ഭാഗമായി ടൂറിസം വകുപ്പും തളിപ്പറമ്പ് ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്‌മെൻ്റ് കൗൺസിലും സുൺ കാറ്ററിങ് ആൻഡ് ഇവൻ്റ്സ് ഗ്രൂപ്പും ചേർന്ന് 'ഊരകം എന്ന പേരിൽ ഡിസംബർ 29, 30, 31 തീയതികളിൽ മലപ്പട്ടം ഫെസ്റ്റ് നടത്തും. ഡിസംബർ 29-ന് ആറിന് സിനിമാനടൻ ജഗദീഷ് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമേള ഷെഫ് നളനും കവിയരങ്ങ് ഉദ്ഘാടനം കവി മുരുകൻ കാട്ടാക്കടയും ഉദ്ഘാടനം ചെയ്യും. തുടർന്ന് കളരിപ്പയറ്റ് പ്രദർശനവും ചിത്രഗീതം, നൃത്തം, വിളക്കാട്ടം തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.

    ഡിസംബർ 30-ന് വൈകുന്നേരം ആറിന് ഊരക സായാഹ്നം ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയപ്പാർട്ടി നേതാക്കളായ മാർട്ടിൻ ജോർജ്, സി.കെ പദ്മനാഭൻ, സി.കെ.പി പദ്‌മനാഭൻ എന്നിവർ പങ്കെടുക്കും. ജയരാജ് വാരിയറുടെ കാരിക്കേച്ചർ ഷോ, കോൽക്കളി നാടൻപാട്ട്, മാർഗം കളി എന്നിവ നടക്കും. 31-ന് വൈകിട്ട് ആറിന് എം.വി ഗോവിന്ദൻ എംഎൽഎ പാർക്കുകളുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തും. സാംസ്ക്കാരിക സായാഹ്നം, സംഗീതവിരുന്ന്, ഒപ്പന, തിരുവാതിരകളി, കളരിപ്പയറ്റ് പ്രദർശനം, ഡിജെ എന്നിവയുണ്ടാകും. 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728