16 ഫോറുകളും 15 സിക്‌സറുകളും ! ഞെട്ടിച്ച് വൈഭവ്, അടിച്ചെടുത്തത് 190 റൺസ്
_*റാഞ്ചി*: വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് പ്രകടനവുമായി കൗമാരതാരം വൈഭവ് സൂര്യവംശി. അരുണാചൽ പ്രദേശിനെതിരായ പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിൽ സെഞ്ചുറിയോടെ താരം കത്തിക്കയറി. 36 പന്തിലാണ് വൈഭവിന്റെ സെഞ്ചുറി നേട്ടം. മത്സരത്തിൽ 84 പന്തിൽ നിന്ന് താരം 190 റൺസെടുത്തു. ഒട്ടേറെ റെക്കോഡുകളും താരം സ്വന്തം പേരിലാക്കി._
_ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബിഹാറിനായി വൈഭവും മംഗൾ മഹ്‌റൗറുമാണ് ഓപ്പൺ ചെയ്തത്. വൈഭവ് പതിവുപോലെ വെടിക്കെട്ട് നടത്തിയപ്പോൾ ടീം സ്‌കോർ കുതിച്ചു. മംഗളിനെ ഒരുവശത്തുനിർത്തിക്കൊണ്ട് വൈഭവ് ഒറ്റക്കായിരുന്നു ബിഹാർ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. 12-ാം ഓവറിൽ സെഞ്ചുറിയുമെത്തി. 36 പന്തിലാണ് താരം മൂന്നക്കം തൊട്ടത്. അതോടെ റെക്കോഡ് ബുക്കിലും ഇടംനേടി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി വൈഭവ് മാറി. 35 പന്തിൽ സെഞ്ചുറി നേടിയ പഞ്ചാബ് താരം അൻമോൾപ്രീത് സിങ്ങാണ് പട്ടികയിൽ തലപ്പത്ത്. ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായും ഈ പതിനാലുകാരൻ മാറി._
_മത്സരത്തിൽ 33 റൺസെടുത്ത മംഗൾ പുറത്തായെങ്കിലും വൺഡൗണായി ഇറങ്ങിയ പിയുഷ് സിങ്ങിനെ ഒരുവശത്തുനിർത്തി വൈഭവ് പിന്നെയും അടി തുടർന്നു. അതോടെ ബിഹാർ വേഗത്തിൽ 200 കടന്നു. അരുണാചൽ പ്രദേശ് ബൗളർമാരെ വൈഭവ് നിലത്തുനിർത്തിയില്ല. ഫോറുകളും സിക്‌സറുകളും കൊണ്ട് മൈതാനത്ത് റണ്ണൊഴുകി. 150 റൺസും കടന്ന് വൈഭവ് വെടിക്കെട്ട് തുടർന്നു. എന്നാൽ ഇരട്ടസെഞ്ചുറിക്ക് 10 റൺസ് അകലെ പുറത്തായി. 84 പന്തിൽ നിന്ന് 190 റൺസാണ് വൈഭവിന്റെ സമ്പാദ്യം. 16 ഫോറുകളും 15 സിക്‌സറുകളും അടങ്ങുന്നതാണ് ഇന്നിങ്‌സ്._
No comments