Header Ads

ad728
  • Breaking News

    വ്യാജനോ ഒറിജിനലോ?എഐ നിർമ്മിത വീഡിയോകൾ ഇനി ജെമിനി കണ്ടെത്തും;ഫീച്ചറുമായി ഗൂഗിൾ

    ഡിജിറ്റൽ ലോകത്തെ ഇപ്പോൾ ഭരിക്കുന്നത് നിർമിത ബുദ്ധി ആണല്ലോ. എന്തിനും ഏതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐയുടെ സഹായം തേടാത്തവരായി ആരുമില്ല. പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളും വിഡിയോകളും കാണുമ്പോൾ ഇത് വ്യാജമാണോ ഒറിജിനലാണോ എന്ന് കണ്ടെത്താൻ നമുക്ക് കഴിയാറില്ല. ഇത്തരത്തിൽ എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾ പലപ്പോഴും വലിയ സാമൂഹിക പ്രശ്നങ്ങൾക്ക് കാരണമാകാറുമുണ്ട്. എന്നാൽ ഇതിനെല്ലാം ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ടെക് ഭീമനായ ഗൂഗിൾ.

    അത്യാധുനിക എഐ മോഡലായ ജെമിനിയെ ഉപയോഗിച്ചാണ് ഗൂഗിൾ ഇത് സാധ്യമാക്കാനൊരുങ്ങുന്നത്. ഗൂഗിളിന്റെ എ.ഐ വിഭാഗമായ ഡീപ് മൈൻഡ് ആണ് ഈ പുതിയ ഫീച്ചർ വികസിപ്പിച്ചിരിക്കുന്നത്.

    പുതിയ ഫീച്ചറിലൂടെ ഗൂഗിൾ ജെമിനി ഉപയോഗിച്ച് വീഡിയോകളും ചിത്രങ്ങളും എഐ നിർമ്മിതമാണോ എന്ന് കണ്ടെത്താനാകും. വീഡിയോയിലെ മെറ്റാഡേറ്റയും പശ്ചാത്തലവും ,ചിത്രത്തിന്റെ പിക്സലുകളിൽ ചേർത്ത സിന്ത് ഐ.ഡി എന്ന ഡിജിറ്റൽ വാട്ടർമാർക്കും നിരീക്ഷിച്ചാകും ജെമിനി ഇതിന്റെ സത്യാവസ്ഥ കണ്ടെത്തുക. പരിശോധിക്കേണ്ട വിഡിയോ അല്ലെങ്കിൽ ഫോട്ടോ അപ്‌ലോഡ് ചെയ്താൽ മിനിട്ടുകൾക്കകം തന്നെ ഇതിൽ എ ഐ ടൂളുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പറഞ്ഞ് തരും. ആപ്പ് സപ്പോർട്ട് ചെയുന്ന ഏത് ഭാഷയിൽ വേണമെങ്കിലും നമുക്ക് ജെമിനിയോട് ചോദിക്കാവുന്നതാണ്. ഗൂഗിൾ ഫോട്ടോസ് വഴിയോ മറ്റ് ഗൂഗിൾ സേവനങ്ങൾ വഴിയോ ഫീച്ചർ ലഭ്യമാക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

     ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാകുന്നതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ പുതിയ തീരുമാനം. സാങ്കേതിക വിദ്യയുടെ വളർച്ച ഏറെ ഗുണകരമാണ് എന്നാൽ അതുപോലെ തന്നെ ദോഷവുമാണ്. അതിനാൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വ്യാജ വീഡിയോകളും ചിത്രങ്ങളും തടയാൻ ഈ ഫീച്ചർ ഏറെ സഹായകരമാകുമെന്നാണ് ഗൂഗിൾ വ്യക്തമാകുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728