ഇത് അനുവദിക്കരുത്-നഗരഭരണാധികാരികള്‍ ചൂരലെടുക്കണം
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിന്റെ മുഖമായ ദേശീയപാതയോരത്ത് അഞ്ച് വര്‍ഷം മുമ്പ് സ്ഥാപിച്ച ചൂലേന്തിയ കാക്ക പ്രതിമയുടെസമീപം മാലിന്യം തള്ളിയ കാഴ്ച്ചയാണിത് മാലിന്യവിമുക്ത കേരളം എന്ന ഹരിതകര്‍മ്മസേനയുടെ സന്ദേശത്തിന്റെ അടയാളമാണ് ചൂലേന്തിയ കാക്ക.
കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഈ ശില്‍പ്പത്തിന്റെ ചുറ്റിലും പുല്ലുകള്‍ പാകി ഭംഗിയാക്കിയിരുന്നു.
എന്നാല്‍ തുടര്‍സംരക്ഷണം ഇല്ലാതായതോടെ പുല്ലുകള്‍ ഉണങ്ങിക്കരിഞ്ഞു.
പിന്നീട് മാലിന്യനിക്ഷേപവും ആരംഭിച്ചു.
ഇന്നലെ ഈ ശില്പത്തിന് സമീപം ഒരു വെല്ലുവിളി പോലെയാണ് കുറേ മരക്കഷണങ്ങള്‍ കൊണ്ടുവന്ന് നിക്ഷേപിച്ചിട്ടുള്ളത്.
ഈ ശില്‍പ്പത്തിന്റെ പരിസരമെങ്കിലും മാലിന്യനിക്ഷേപത്തില്‍ നിന്ന് ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.
മാലിന്യനിര്‍മാര്‍ജനത്തിനും നഗരസൗന്ദര്യവല്‍ക്കരണത്തിനും വേണ്ടി അധികൃതര്‍ കോടികള്‍ ചെലവാക്കുമ്പോഴാണ് അവരുടെ കണ്‍മുന്നില്‍ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുന്നത്.
നഗരത്തിലെ ഏറ്റവും മനോഹരവും ശുചിത്വവുമുള്ള ഒരു പ്രദേശമാക്കി ഈ ശില്‍പ്പം സ്ഥാപിച്ച പരിസരമെങ്കിലും സംരക്ഷിച്ചുനിര്‍ത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പുതിയ നഗര ഭരണാധികാരികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.
No comments