ഇരിട്ടി ഉളിക്കലില്‍ വൻ കവര്‍ച്ച; 27 പവൻ സ്വര്‍ണം കവര്‍ന്നു
ഉളിക്കല്‍: കണ്ണൂർ ഉളിക്കല്‍ നുച്യാട്ടെ വീട്ടില്‍ നിന്നും 27 പവൻ സ്വർണം കവർന്നു. നുച്യാട് സെന്റ് ജോസഫ് ക്നാനായ പള്ളിക്ക് സമീപമുള്ള നെല്ലിക്കല്‍ സിമിലി മോളിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വ്യാഴാഴ്ച രാവിലെ ആറിനും വൈകുന്നേരം ആറിനും ഇടയിലാണ് മോഷണം നടന്നത്.
സിമിലിയും മകളും പ്രവാസിയായ ഭർത്താവ് ബിജുവിനെ സ്വീകരിക്കാൻ കണ്ണൂർ എയർപോർട്ടിലേക്ക് പോയസമയത്തായിരുന്നു മോഷണം നടന്നത്. വീടിനുള്ളില്‍ കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 27 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് മോഷ്ടിച്ചതായാണ് പരാതി.
ഭിന്നശേഷിക്കാരനായ അച്ഛൻ വീട്ടിലുള്ളതിനാല്‍ ഇവർ എയർ പോർട്ടിലേക്ക് പോയ സമയത്ത് വീടിന്റെ മുൻവശത്തെ കതക് പൂട്ടിയിരുന്നില്ല . ഇതുവഴിയാണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചതെന്നാണ് നിഗമനം.
സിമിലിയും മകളും എയർ പോർട്ടിലേക്ക് പോയശേഷം വീട്ടിലുണ്ടായിരുന്ന അച്ഛൻ തന്റെ മുച്ചക്ര വാഹനത്തില്‍ ചായകുടിക്കാനായി നുച്യാട് ഭാഗത്തേക്ക് പോയിരുന്നു. അപ്പോഴും വീടിന്റെ മുന്നിലെ കതക് പൂട്ടാതെ ചാരിയിട്ട നിലയിലായിരുന്നു. ഈ സമയത്താകും മോഷണം നടന്നതെന്നാണ് നിഗമനം. കുടുംബം എയർപോർട്ടില്‍ നിന്നും തിരിച്ചെത്തിയപ്പഴാണ് ബെഡ് റൂമിലെ അലമാര ഉള്‍പ്പെടെ തുറന്നിട്ട നിലയിലും തുണിയും സാധനങ്ങളും വാരി വലിച്ചിട്ട് കിടക്കുന്നതും കണ്ടത്.
No comments