Header Ads

ad728
  • Breaking News

    ട്രെയിൻ ലഗേജിന് പരിധി വരുന്നു; തൂക്കം കൂടിയാൽ പണമടയ്ക്കണം, നിരക്ക് ഇങ്ങനെ

      ന്യൂഡൽഹി ∙ ട്രെയിൻ യാത്രകളിൽ ലഗേജിന്റെ തൂക്കം സൗജന്യ പരിധിക്കു മുകളിലെങ്കിൽ പണം അടയ്ക്കണമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഓരോ ക്ലാസിലും അനുവദനീയമായതിൽ കൂടുതൽ ഭാരം കൊണ്ടുപോകുന്നതിന് നിശ്ചിത നിരക്ക് നൽകണം. നിലവിൽ ഭാര നിയന്ത്രണം സംബന്ധിച്ച് നിയമമുണ്ടെങ്കിലും തൂക്കം നോക്കാതെയാണ് ട്രെയിൻ യാത്രക്കാർ ലഗേജ് കൊണ്ടുപോകുന്നത്. സ്കാനർ, തൂക്കം നോക്കാനുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയ ശേഷമാവും നടപ്പാക്കുക. ‌
     

    എസി ഫസ്റ്റ് ക്ലാസിൽ 70 കിലോ സൗജന്യമായും പണം അടച്ച് പരമാവധി 150 കിലോ വരെയും സെക്കൻഡ് എസിയിൽ 50 കിലോ സൗജന്യമായും പണം അടച്ച് 100 കിലോ വരെയും കൊണ്ടുപോകാം. തേഡ് എസിയിൽ 40 കിലോ മാത്രമേ അനുവദിക്കൂ. സ്ലീപ്പർ കോച്ചുകളിൽ 40 കിലോ സൗജന്യമായും പണം അടച്ച് പരമാവധി 80 കിലോ വരെയും ജനറൽ കോച്ചുകളിൽ 35 കിലോ സൗജന്യമായും പണം അടച്ച് പരമാവധി 70 കിലോ വരെയും കൊണ്ടുപോകാം.

    ലഗേജ് നിരക്കിന്റെ ഒന്നര ഇരട്ടിയാണ് അധിക ഭാരത്തിന് ഈടാക്കുക. ഇത് ഓരോ ക്ലാസ് അനുസരിച്ചും വ്യത്യാസമുണ്ടാകും. വാണിജ്യ ആവശ്യത്തിനുള്ള സാധനങ്ങൾ യാത്രാ കോച്ചുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല. ലഗേജുകളുടെ വലുപ്പത്തിനും നിയന്ത്രണം വരും. ഒരു മീറ്റർ നീളം, 60 സെന്റി മീറ്റർ വീതി, 25 സെന്റി മീറ്റർ ഉയരം – ഇതാണ് പരമാവധി വലുപ്പം. കൂടുതൽ വലുപ്പമുള്ളവ പാഴ്സൽ വാഗണുകളിൽ മാത്രമേ കയറ്റാൻ അനുവദിക്കൂ.

    ട്രെയിൻ റിസർവേഷൻ ചാർട്ട് തയാറാക്കുന്ന സമയത്തിൽ റെയിൽവേ മാറ്റം വരുത്തുന്നു. രാവിലെ 5.01നും ഉച്ചയ്ക്കു രണ്ടിനുമിടയിൽ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ റിസർവേഷൻ ചാർട്ട് തലേ ദിവസം രാത്രി എട്ടിന് തയാറാക്കും. ഉച്ചയ്ക്ക് 2.01നും പിറ്റേന്നു രാവിലെ 5നും ഇടയിൽ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുൻപു തയാറാക്കും. മാറ്റങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728