ഇന്ന് കണ്ണൂരും മലപ്പുറവും നേർക്കുനേർ
*കണ്ണൂർ:* ഫുട്ബോളിനെ ജീവനായി കാണുന്ന രണ്ടു നാട്ടുകാരുടെ മത്സരമാണിത്. സൂപ്പർ ലീഗ് കേരളയിൽ പ്രധാന എതിരാളികളായ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിലാണ് ബുധനാഴ്ചത്തെ പോരാട്ടം. രാത്രി 7.30-ന് കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിലാണ് മത്സരം. ഇരുടീമുകളും അവസാന മത്സരം പരാജയപ്പെട്ടാണ് ഇറങ്ങുന്നത്. ഇതോടെ രണ്ട് ടീമുകൾക്കും സെമി ഫൈനൽ സാധ്യത നിലനിർത്താൻ വിജയം അനിവാര്യമാണ്.
കണ്ണൂർ വാരിയേഴ്‌സ് തിരുവനന്തപുരം കൊമ്പൻസിനെതിരെയും മലപ്പുറം തൃശ്ശൂർ മാജിക് എഫ്‌സിക്കെതിരെയുമാണ് പരാജയപ്പെട്ടത്. സീസണിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. ആറ് മത്സരങ്ങൾ പൂർത്തിയാക്കിയ ഇരുടീമും രണ്ട് വിജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി ഒമ്പത് പോയിന്റ് സ്വന്തമാക്കി.
എവേ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന കണ്ണൂർ വാരിയേഴ്സിന്റെ പ്രതിരോധനിരയ്ക്ക് തുടർച്ചയായി വന്ന ഹോം മത്സരങ്ങളിൽ വേണ്ട രീതിയിൽ തിളങ്ങാനായില്ല. ആദ്യനാല് എവേ മത്സരങ്ങളിൽ മൂന്ന് ഗോൾ മാത്രം വഴങ്ങിയ ടീം രണ്ട് ഹോം മത്സരങ്ങളിൽനിന്ന് നാല് ഗോൾ ഇതിനകം വഴങ്ങി.
No comments