കേരളത്തിലേക്ക് വീണ്ടും സ്പെഷ്യല്‍ ട്രെയിൻ; ഇന്നുമുതല്‍ സര്‍വീസ് തുടങ്ങും; സമയക്രമവും സ്റ്റോപ്പുകളും അറിയാം
_പാലക്കാട്: ശബരിമല തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റയില്‍വെ._
_സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും തീർത്ഥാടകരുടെ പ്രവാഹം ആരംഭിച്ചതോടെയാണ് റയില്‍വെ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്. വിശാഖപട്ടണം-കൊല്ലം സ്‌പെഷ്യല്‍ ട്രെയിൻ(നമ്പർ-08539/40) ആണ് പുതുതായി പ്രഖ്യാപിച്ചത്. ഇന്നുമുതല്‍ ഈ ട്രെയിൻ സർവീസ് ആരംഭിക്കും._
_പ്രതിവാര സർവീസായാണ് വിശാഖപട്ടണം-കൊല്ലം സ്‌പെഷ്യല്‍ ട്രെയിൻ ഓടുക. മകരവിളക്ക് തിരക്ക് കൂടി പരിഗണിച്ച് ജനുവരി 20 വരെയാകും ഈ ട്രെയിൻ സർവീസ് നടത്തുക. ഇരുവശത്തേക്കുമായി ആകെ 20 സർവീസാണ് ഈ ട്രെയിനിനുള്ളത്._
_ചൊവ്വാഴ്ചകളില്‍ രാവിലെ 8.20നു വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.27നു പാലക്കാടും ഉച്ചയ്ക്ക് 1.45നു കൊല്ലത്തും എത്തും. തൃശ്ശൂർ, ആലുവ, എറണാകുളം ടൗണ്‍(നോർത്ത്), കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവയാണ് സ്‌പെഷ്യല്‍ ട്രെയിനിന്റെ കേരളത്തിലെ മറ്റു സ്റ്റോപ്പുകള്‍. മടക്ക സർവീസ് എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് അഞ്ചിന് കൊല്ലത്തു നിന്നു പുറപ്പെടും. രാത്രി 10.57നു പാലക്കാടും പിറ്റേന്ന് രാത്രി 11നു വിശാഖപട്ടണത്തും എത്തും._
_കോച്ചുകള്‍: 2- എ.സി ടു ടയർ, 3- എ.സി ത്രീ ടയർ, 3-എ.സി ത്രീ ടയർ എക്കണോമി കോച്ചുകളും 8 സ്ലീപ്പർക്ലാസ് കോച്ചുകളും 4 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചുകളും ഭിന്നശേഷിക്കാർക്കായുള്ള ഒരു സെക്കൻഡ് ക്ലാസ് കോച്ചും ഒരു ലഗേജ് കം ബ്രേക്ക് വാനും അടങ്ങിയതാണ് സ്‌പെഷ്യല്‍ ട്രെയിൻ._
_മണ്ഡല മകരവിളക്ക് കാലത്ത് അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് നേരത്തെ അഞ്ച് സ്‌പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ നാലെണ്ണം ചെന്നൈയില്‍ നിന്നും ഒരെണ്ണം ഹൈദരാബാദില്‍(ചർലപ്പള്ളി) നിന്നുമാണ്. ഇതില്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിൻ കഴിഞ്ഞ ദിവസങ്ങളില്‍ സർവീസ് ആരംഭിച്ചു. ശേഷിച്ച മൂന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ യഥാക്രമം നവംബർ 20, 22, 24 തീയതികളില്‍ സർവീസ് ആരംഭിക്കും. കർണാടകയില്‍ നിന്നുള്ള അയ്യപ്പ ഭക്തർക്കായി വരും ദിവസങ്ങളില്‍ ബെംഗളൂരുവില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന._
No comments