Header Ads

ad728
  • Breaking News

    മൺസൂൺ അവസാനിക്കുമ്പോൾ ഡെങ്കിപ്പനി ജാഗ്രത വേണം; കൊതുക് ഉറവിടങ്ങൾ നശിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ്

    തിരുവനന്തപുരം : മൺസൂൺ അവസാനിക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഇടവിട്ടുള്ള മഴയും വെയിലും കൊതുകുകളുടെ പ്രജനനത്തിന് അനുകൂല സാഹചര്യമൊരുക്കുന്നതിനാൽ വീടുകളിലും സ്ഥാപനങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

    മഴയ്ക്ക് പിന്നാലെ വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യത കൂടുതലാണ്. പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, ടിന്നുകൾ, ഉപേക്ഷിച്ച ടയറുകൾ, ചിരട്ടകൾ, പൂച്ചട്ടികൾ തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്.

    വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ഇടങ്ങൾ ആഴ്ചയിലൊരിക്കൽ പരിശോധിച്ച് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കണം. വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ അടച്ചുസൂക്ഷിക്കുകയും ആഴ്ചയിലൊരിക്കൽ വെള്ളം ഒഴുക്കിക്കളഞ്ഞ് പാത്രങ്ങൾ ഉരച്ചുകഴുകുകയും വേണം. ഫ്രിഡ്ജിന്റെ ട്രേ, എയർ കൂളറുകൾ, മൺപാത്രങ്ങൾ, ഉപേക്ഷിച്ച പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയിലും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.

    ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിച്ച് പരിസരങ്ങൾ വൃത്തിയാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. കൊതുകുകടിയേൽക്കാതിരിക്കാൻ കൊതുകുവലയും കൊതുകുനിരോധന ക്രീമുകളും ഉപയോഗിക്കണം. ശരീരം പൂർണമായും മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതും പ്രതിരോധത്തിന് സഹായകരമാണ്.

    പനി, കടുത്ത ശരീരവേദന, തലവേദന, കണ്ണിനു പിന്നിലെ വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗസാധ്യത പരിഗണിക്കണം. സ്വയംചികിത്സ ഒഴിവാക്കി പനി കുറയാൻ കാത്തുനിൽക്കാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ ചികിത്സ തേടണം.

    കൊതുകുകളുടെ പ്രജനനം തടയുന്നതിലൂടെ മാത്രമേ ഡെങ്കിപ്പനി വ്യാപനം നിയന്ത്രിക്കാൻ കഴിയൂവെന്നും സ്വന്തം വീടും പരിസരവും കൊതുകുവിമുക്തമാക്കുന്നതിൽ ഓരോ വ്യക്തിയും കുടുംബവും സ്ഥാപനവും പങ്കാളികളാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728