15,000 രൂപ ശമ്പളം, അക്കൗണ്ടിൽ 70 ലക്ഷം, 40 ലക്ഷത്തിന്റെ പുതിയ വീട് വിശ്വസ്തരായ വീട്ടുജോലിക്കാർ അഞ്ച് വർഷം കൊണ്ട് ഡോക്ടറുടെ ലോക്കറിൽ നിന്ന് കവർന്നത് ഒരു കോടിയുടെ സ്വർണ്ണവും വജ്രവും
*തൃശ്ശൂർ:* പേരാമംഗലത്തെ ആയുർവേദ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ നിന്ന് ഏകദേശം ഒരു കോടി രൂപയോളം വിലവരുന്ന സ്വർണ്ണവും വജ്രാഭരണങ്ങളും പണവും കവർന്ന രണ്ട് വീട്ടുജോലിക്കാർ പോലീസ് പിടിയിലായി. കുറ്റുമുക്ക് സ്വദേശിനിയായ വാര്യംപാട്ട് വീട്ടിൽ ടി.എസ്. ഗീതു (35), മണ്ണുത്തി പട്ടാളക്കുന്ന് സ്വദേശിനിയായ പുളിങ്കുഴി വീട്ടിൽ പ്രിയ (48) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് വർഷമായി ഡോക്ടർ ദമ്പതികളുടെ വീട്ടിൽ ഏറെ വിശ്വസ്തരായി ജോലി ചെയ്തുവരികയായിരുന്ന ഇവർ, 2023 മുതൽ പല തവണകളായി നടത്തിയ ആസൂത്രിതമായ തട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വീടിനുള്ളിൽ ഡോക്ടർ ദമ്പതികൾ പണവും സ്വർണ്ണ നാണയങ്ങളും ഡയമണ്ട് ആഭരണങ്ങളും ഡയമണ്ട് പതിച്ച വാച്ചുമെല്ലാം സൂക്ഷിച്ചിരുന്ന നമ്പർ ലോക്കറിന്റെ രഹസ്യകോഡ് പ്രതികൾ തന്ത്രപരമായി മനസ്സിലാക്കുകയായിരുന്നു. തുടർന്ന് ആരും അറിയാതെ പല ഘട്ടങ്ങളിലായി ലോക്കർ തുറന്ന് സ്വർണ്ണ നാണയങ്ങളും ആഭരണങ്ങളും കൈക്കലാക്കി. മോഷ്ടിച്ച സ്വർണ്ണം തൃശ്ശൂർ ജില്ലയിലെ വിവിധ ജ്വല്ലറികളിൽ എത്തിച്ചാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. ജ്വല്ലറി ജീവനക്കാരോട് വളരെ മാന്യമായി ഇടപെട്ട് സ്വന്തം സ്വർണ്ണമാണെന്ന് വിശ്വസിപ്പിച്ചതിനാൽ ആർക്കും സംശയം തോന്നിയില്ല. വിൽപ്പനയിലൂടെ ലഭിച്ച പണം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തിയത്.
മരുന്ന് നിർമ്മാണം ഉൾപ്പെടെ നടക്കുന്നതിനാൽ ഡോക്ടറുടെ വീട്ടിൽ സഹായത്തിനായി മറ്റ് ജോലിക്കാരും ഉണ്ടായിരുന്നു. ഇതിനിടയിലാണ് അവിടെ ജോലി ചെയ്തിരുന്ന മറ്റൊരു സ്ത്രീ, പ്രതികൾ ലോക്കറിൽ നിന്ന് സ്വർണ്ണ നാണയം എടുക്കുന്നത് യാദൃച്ഛികമായി കാണാനിടയായത്.
ഇക്കാര്യം ചോദിച്ചപ്പോൾ നിനക്കും വേണമെങ്കിൽ സ്വർണ്ണം തരാമെന്ന് പ്രതികൾ വാഗ്ദാനം നൽകി. എന്നാൽ ആ പ്രലോഭനത്തിൽ വീഴാതെ ആ ജോലിക്കാരി വിവരം ഡോക്ടറെ അറിയിക്കുകയും, ലോക്കറിലുള്ള ആഭരണങ്ങൾ സൂക്ഷ്മമായി പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് വൻതോതിൽ ആഭരണങ്ങളും പണവും നഷ്ടപ്പെട്ട വിവരം വ്യക്തമായത്. 2025 ജൂലൈ ഒന്നിന് സ്വർണ്ണം എടുക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തമായ തെളിവുകൾ ലഭിച്ചതോടെ കുടുംബം തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.
പേരാമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണം നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥർ പോലും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. പ്രതിമാസം വെറും 15,000 രൂപ വേതനത്തിന് ജോലി ചെയ്തിരുന്ന ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ കഴിഞ്ഞ 18 മാസത്തിനിടെ 70 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടന്നത്. കൂടാതെ 40 ലക്ഷം രൂപ മുടക്കി പുതിയ വീട് വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ഇവർ സ്വർണ്ണം വിറ്റ ജ്വല്ലറികൾ പോലീസ് ഇതിനോടകം തിരിച്ചറിഞ്ഞു കഴിഞ്ഞു. പ്രതികളെ ഉടൻ തന്നെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനും, തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ വീടും സ്വത്തുക്കളും നഷ്ടപ്പെട്ട സ്വർണ്ണ നാണയങ്ങളും ഡയമണ്ട് ആഭരണങ്ങളും കണ്ടെടുക്കാനുമുള്ള തുടർനടപടികളിലാണ് പോലീസ്.
No comments