കൂട്ടുപുഴ എംഡിഎംഎ കേസ്: യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍
ഇരിട്ടി: കൂട്ടുപുഴയില്‍ 192 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ അറസ്റ്റ് ചെയ്ത കേസില്‍ കൂട്ടുപ്രതികളായ യുവതിയെയും ആണ്‍സുഹൃത്തിനെയും ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
പിടികിട്ടാപ്പുള്ളിയായ വടകര സ്വദേശിനി കെ. സാബിറ (36), സുഹൃത്ത് കോട്ടയം കടനാട് ചെമ്മായം സ്വദേശി സാവിയോ മാത്യു (26) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് കൂട്ടുപുഴയില്‍ എംഡിഎംഎയുമായി ഉളിക്കല്‍ സ്വദേശി മുബഷീറിനെയും പെരിങ്കിരി സ്വദേശി റഹീമിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. മുബഷീറിന് എംഡിഎംഎ എത്തിച്ചുനല്‍കിയത് സാബിറയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ലഹരിമരുന്നിന്റെ പണം സാവിയോ മാത്യുവിന്റെ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെന്നും പൊലീസ് കണ്ടെത്തി.
പോക്സോ കേസുമായി ബന്ധപ്പെട്ട് സാബിറ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളില്‍ മാറ്റം വരുത്തി ‘റോഷിനി സാവിയോ’ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയിരുന്നതായും പൊലീസ് ആരോപിച്ചു.
കര്‍ണാടകയിലും മിസോറമിലും പ്രവര്‍ത്തിക്കുന്ന ലഹരിസംഘങ്ങളുമായി സാബിറയ്ക്ക് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. മിസോറമിലേക്ക് കടക്കുന്നതിനിടെ തൃശൂര്‍ ജില്ലയിലെ അതിര്‍ത്തിയില്‍വെച്ചാണ് ഇരുവരെയും ഇരിട്ടി പൊലീസ് പിടികൂടിയത്.
കണ്ണൂര്‍ നര്‍ക്കോട്ടിക് ഡിവൈഎസ്പി എ. കുട്ടികൃഷ്ണന്റെ നിര്‍ദേശപ്രകാരം ഇരിട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.വി. ഉമേഷ്, പ്രബേഷന്‍ വനിതാ എസ്‌ഐ ഭവിന, കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ഷൗക്കത്തലി, അനൂപ്, നിസാമുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
No comments