ലഹരി സംഘത്തിനെതിരെ വിവരം നല്‍കി; ആനമങ്ങാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം
_*മലപ്പുറം*: സ്‌കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകര്‍ക്ക് വിവരം നല്‍കിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം._
_ബൈക്കിലെത്തിയ അജ്ഞാത സംഘം വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി. പെരിന്തല്‍മണ്ണ ആനമങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി. പാലൊളിപറമ്പിലെ മാതാവിന്റെ വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണമുണ്ടായത്. പിന്നാലെ ബൈക്കിലെത്തിയ സംഘം വിദ്യാര്‍ത്ഥിയെ തടഞ്ഞുനിര്‍ത്തി തലയ്ക്ക് അടിക്കുകയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും തലയിലും പരിക്കേറ്റ വിദ്യാര്‍ത്ഥി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി._
_ഹെല്‍മറ്റ് ധരിച്ചെത്തിയവരായതിനാല്‍ ആക്രമണം നടത്തിയവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥി അറിയിച്ചത്. സംഭവത്തിന് പിന്നില്‍ ആരാണെന്നും ആക്രമണത്തിന് പിന്നിലെ യഥാര്‍ഥ കാരണമെന്താണെന്നും വ്യക്തമാകേണ്ടതുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധ്യാപകരെ അറിയിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിക്ക് ഭീഷണി ഉണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു. സ്‌കൂളില്‍ ചില വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യം അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തനിക്ക് നേരെ ഭീഷണിയുണ്ടായതെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ച് വിവരം നല്‍കിയതിലുള്ള വിരോധമാണോ ആക്രമണത്തിന് പിന്നിലെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്._
No comments