കോടികളുടെ വിസ തട്ടിപ്പ് കേസില്‍ കരുവൻചാൽ സ്വദേശി അറസ്റ്റില്‍
ആലക്കോട്: കോടികളുടെ വിസ തട്ടിപ്പു കേസിലെ മുഖ്യ പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. യു.കെ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 50ലധികം കേസുകളിലെ മുഖ്യപ്രതികളിലൊരാളായ കരുവൻചാൽ വെള്ളാട് മാവുചാൽ സ്വദേശി നിതിൻ സെബാസ്റ്റ്യൻ (36) എന്ന ഉണ്ണി ആണ് പിടിയിലായത്.സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബി. അനീഷിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തലശ്ശേരി അഡീഷണല്‍ ഡിസ്ട്രിക്‌ട് കോടതി- 4 മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
യു.കെയിലേക്ക് കെയർ ഹോം വിസ വാഗ്‌ദാനം ചെയ്ത് വ്യാജ മേല്‍വിലാസം ഉപയോഗിച്ച് തുടങ്ങിയ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് നിക്ഷേപകരുടെ പണം തട്ടിയെടുത്തതില്‍ പ്രധാനിയാണ് ഇയാള്‍. പണം തട്ടിയെടുക്കുന്നതിനായി തുടങ്ങിയ യു.കെ.ഇ റീഗള്‍ എന്ന സ്ഥാപനത്തില്‍ ഒന്നാം പ്രതിയായ ജോസഫ് എന്ന സൂരജിനൊപ്പം പാർട്ട്ണർ ആയിരുന്നു നിതിൻ സെബാസ്റ്റ്യൻ.ഒന്നാം പ്രതിയായ ജോസഫിനെ അന്വേഷണ സംഘം ഹിമാചല്‍ പ്രദേശില്‍ നിന്നും കഴിഞ്ഞ മാർച്ചില്‍ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലും കർണാടകത്തിലുമായി ഇതേ വരെ 50 ഓളം കേസുകള്‍ രജിസ്റ്റർ ചെയ്തതില്‍ 8 കോടിയോളം രൂപയാണ് തൊഴിലന്വേഷകരില്‍ നിന്നും തട്ടിയെടുത്തത്. ഇത്തരത്തില്‍ തട്ടിയെടുത്ത തുക കണ്ടെത്തുന്നതിനും, കൂടുതല്‍ പ്രതികളുടെ പങ്കാളിത്തം കണ്ടെത്തുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ ഇതിനകം നാല് പ്രതികളാണ് അറസ്റ്റിലായത്.
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂർ റേഞ്ച് എസ്.പി കെ.എസ് ഷാജിയുടെ നിർദ്ദേശ പ്രകാരം ഡിവൈ.എസ്.പി കെ.വി പ്രമോദിന്റെ മേല്‍നോട്ടത്തില്‍ ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബി. അനീഷ്, ഗ്രേഡ് എ.എസ്.ഐ സിദ്ധാർത്ഥൻ, സീനിയർ സിവില്‍ പൊലീസ് ഓഫീസർ ശ്രീരാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

No comments