ഇന്ത്യയിലേക്ക് 'ലഹരിമരുന്ന്' എത്തിക്കുന്ന ശൃംഖലയിലെ പ്രധാനകണ്ണി അറസ്റ്റിൽ
ചെറുവത്തൂർ: പീലിക്കോട് കാലിക്കടവിൽ 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിൽ ഇന്ത്യയിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിൽ പ്രധാനകണ്ണിയായ ആഫ്രിക്കയിലെ ഐവറി കോസ്റ്റ് പൗരനായ ജീൻ പിയർ സെറി എന്ന സാമുവൽ ഓസ്‌റ്റൻ(35) അറസ്റ്റിലായി. കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിനായി ഉത്തർപ്രദേശിലെ നോയിഡ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് സാമുവൽ.
കേസിൽ നേരത്തെ അറസ്റ്റിലായവരിൽനിന്ന് ലഭിച്ച വിവരങ്ങളും വാട്സാപ്പ് സന്ദേശങ്ങളും ഫോൺ വിവരങ്ങളും ബാങ്ക് ഇടപാടുകളും പരിശോധിച്ചാണ് അന്വേഷണം സാമുവലിലേക്ക് എത്തിയത്. നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന ഘാന സ്വദേശി വിക്ടർ ഡിസാംബയുമായി ചേർന്ന് ലഹരി എത്തിക്കുന്നതിനായി സാമുവൽ ഓസ്‌റ്റൻ ബന്ധപ്പെട്ടെന്നും കണ്ടെത്തി.
*ജയിലിലെ പരിചയം വഴി ലഹരി ഇടപാടിലേക്ക്*
നേരത്തെ അറസ്റ്റിലായ ഘാന സ്വദേശി വിക്ടർ ഡിസാംബ, പെരുമ്പാവൂർ അറക്കപ്പടി സ്വദേശിയായ സൈനുൽ ആബിദീൻ, കാസർകോട് പാപ്പച്ചല്ലി സ്വദേശി മുഹമ്മദ് സാബിർ എന്നിവർ വിവിധ കേസുകളിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടയിലാണ് പരിചയപ്പെട്ടത്. ജാമ്യത്തിലിറങ്ങിയശേഷവും മൂവരും വാട്സാപ്പ് വഴി ബന്ധപ്പെടുകയും ലഹരി വിൽപന നടത്താൻ തീരുമാനിക്കുകയുമായിരുന്നു.
സൈനുൽ ആബിദീനെതിരെ 3 ചിറ്റൂർ കേസും മുഹമ്മദ് സാബിറിനെതിരെ തിരുനെല്ലി പോലീസ് സ്റ്റേഷനിലെ ലഹരികേസും വിക്ടർ ഡിസാംബയ്ക്കൊതിര കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ ലഹരികേസും ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പി.നിധിൻരാജ് പറഞ്ഞു.
വിക്ടർ ഡിസാംബ വിവിധ വാട്സാപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ച് സൈനുൽ ആബിദീനുമായി ബന്ധപ്പെടുകയും ലഹരി മരുന്ന് വിൽപന സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തിരുന്നു. തനിക്ക് നേരിട്ട് ലഹരിമരുന്ന് ലഭ്യതയില്ലാത്തതിനാൽ വിക്ടർ നോയിഡയിലുള്ള തന്റെ സുഹൃത്തായ ജീൻ പിയർ സെറി എന്ന സാമുവൽ ഓസ്റ്റുനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾവഴി ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചതായാണ് കണ്ടെത്തൽ. വില കൈമാറുന്നതിനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമുവൽ ഓസ്റ്റുൻ വിക്ടർ ഡിസാംബയ്ക്ക് നൽകിയിരുന്നു. ഈ വിവരങ്ങൾ പിന്നീട് സൈനുൽ ആബിദീനും മുഹമ്മദ് സാബിറിനും കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
*ലഹരിമരുന്നിനായി പ്രത്യേക ബാങ്ക് അക്കൗണ്ട്*
ലഹരി ഇടപാടിന് മാത്രമായി ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയ മിസോറാം സ്വദേശിയുടെ പേരിലുള്ള എസ്ബിഐ അക്കൗണ്ടിലേക്ക് സൈനുൽ ആബിദീൻ ഭാര്യയുടെ അക്കൗണ്ടിൽനിന്ന് പണം കൈമാറിയിരുന്നു. തുടർന്ന് ഈ തുക നോയിഡയിലെ വിവിധ എടിഎമ്മുകളിൽനിന്ന് സാമുവൽ ഓസ്റ്റുന്റെ നിർദേശപ്രകാരം ഇയാളുടെ നാട്ടുകാരായ വിവിധ ആളുകൾ പിൻവലിച്ചിരുന്നതായും പോലീസ് കണ്ടെത്തി. ഈ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിലൂടെയാണ് ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചിരുന്ന ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചത്
മുഹമ്മദ് സാബിർ ബെംഗളൂരുവിൽ വെച്ച് പരിചയപ്പെട്ട റുസിയ ബീഗം, ഗാതി ഷെയ്ഖ് എന്ന റിയ ഖാൻ എന്നിവരെ കേരളത്തിലേക്ക് ലഹരിമരുന്ന് കാരിയറായി ഉപയോഗിച്ചതായും പോലീസ് പറയുന്നു. റിയ ഖാനും സൂരജ് അഥവാ ആഗ്ര സ്വദേശി വിഷ്ണുകുമാറും ചേർന്ന് സൈനുൽ ആബിദീന്റെ ആവശ്യപ്രകാരം ബെംഗളൂരുവിൽനിന്നും ഡൽഹിയിൽനിന്നും വിവിധ ഘട്ടങ്ങളിലായി ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിച്ചിരുന്നെന്നാണ് പോലീസ് പറയുന്നത്. പ്രതിഫലമായി വിഷ്ണുകുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സൈനുൽ ആബിദീൻ ഒരു ലക്ഷത്തിലധികം രൂപ പലഘട്ടങ്ങളിലായി കൈമാറിയിട്ടുണ്ട്.
കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്കും പണമെത്തി
മയക്കുമരുന്ന് ഇടപാടിന്റെ ഭാഗമായി മുഹമ്മദ് സാബിർ തന്റെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സൈനുൽ ആബിദീനെക്കൊണ്ട് പണം കൈമാറ്റം ചെയ്യിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി എ.പി.സന്തോഷ് കുമാർ, ഇൻസ്പെക്ടർമാരായ പ്രശാന്ത്, റഫീഖ്, കെ.എ.ദിവാകരൻ, അനീഷ്, സുഭാഷ്, സീനിയർ സിവിൽപോലീസ് ഓഫീസർമാരായ സുരേഷ്, ജ്യോതിഷ്, ഗിരീഷ്, രാഹുൽ, നിഖിൽ, ജയേഷ്, എൻഎസ്എസ് മാരായ രമേശൻ, അശോക് കുമാർ, പ്രസാദ് എന്നിവർ ഉൾപ്പെടുന്നു.
*വലവിരിത്ത് നോയിഡയിൽ*
പോലീസിനു മുന്നിൽ ആകെയുണ്ടായിരുന്നത് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ ഫോട്ടോ മാത്രമായിരുന്നു. ഇയാൾ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു.
ഒടുവിൽ 10 മിനിറ്റ് സമയം ഫോൺ ഓണാ യതോടെ പോലീസ് ലൊക്കേഷൻ മനസ്സിലാക്കി വീട് കണ്ടെത്തുകയും 3 പൂട്ടുകളുള്ള വലിയ പൂട്ടിയിട്ട നിലയിലായിരുന്നു. ഗേറ്റ് തകർത്തുമാറ്റി അതിസാഹസികമായാണ് സാമുവൽ പിടിയിലായത്.
2017-ൽ വിദ്യാർഥികളുടെ വിസ എടുത്ത് ഇയാൾ ഇന്ത്യയിലേക്ക് വന്നത്. 2018-ൽ തിരിച്ചുപോയി. 2024-ൽ തിരിച്ചുവന്നെങ്കിലും വിസയുടെ കാലാവധി കഴിഞ്ഞിട്ടില്ല. തിരിച്ചുപോയില്ല. സാമുവലിന്റെ കൂട്ടാളിയെ പിടികൂടാൻ പോലീസ് ഇപ്പോൾ മിസോറാം കേന്ദ്രീകരിച്ച് നീങ്ങുകയാണ്.
No comments