Header Ads

ad728
  • Breaking News

    ദേശീയപാത 66: തകരാറുകൾ മുൻകൂട്ടി കണ്ടെത്താൻ എഐ നിരീക്ഷണം ഏർപ്പെടുത്തും


     
    നിർമാണച്ചെലവിന് അനുസരിച്ചു ടോൾനിരക്ക് ഉയരുമെന്ന ആശങ്ക നിലനിൽക്കെ ദേശീയപാത 66ന്റെ നിർമാണം ജില്ലയിൽ അനങ്ങാത്ത നിലയിൽ. കാസർകോട് ജില്ലയിലെ ചെങ്കള – നീലേശ്വരം റീച്ചിൽ 91% നിർമാണം പൂർത്തിയായിട്ടുണ്ട്. എന്നാൽ, കണ്ണൂർ ജില്ലയിൽ ഇങ്ങനെ പോയാൽ ദേശീയപാത അതോറിറ്റി അനുവദിച്ചിരിക്കുന്ന സമയത്ത് പണി തീരില്ലെന്ന് ഉറപ്പായി. 2028 ഏപ്രിൽ വരെയാണു സമയംനീട്ടി നൽകിയിരിക്കുന്നത്. കരാർ പ്രകാരം കഴിഞ്ഞ മാർച്ചിനു മുൻപ് നിർമാണം പൂർത്തിയാക്കേണ്ടതായിരുന്നു.

    നീലേശ്വരം-തളിപ്പറമ്പ് റീച്ചിൽ നിർമാണം ഏറ്റെടുത്ത മേഘ കൺസ്ട്രക്‌ഷൻ കമ്പനിയിലെ തൊഴിലാളികൾക്കു മൂന്നു മാസത്തെ ശമ്പളം നൽകാനുണ്ട്. ഇതോടെ പകുതി തൊഴിലാളികളാണു പണിക്കെത്തുന്നത്. ഇവിടെ നിർമാണം മെല്ലപ്പോക്കിലാണ്. 87% നിർമാണമാണ് പൂർത്തിയായത്. അശാസ്ത്രീയ നിർമാണം മൂലം പാത തകർന്നതിനെത്തുടർന്ന് പുതിയ ഡിസൈൻ തയാറാക്കിയുള്ള പുനർനിർമാണം, നിർമാണസാമഗ്രികളുടെ ലഭ്യതക്കുറവ്, കാലാവസ്ഥാപ്രശ്നങ്ങൾ, സാമ്പത്തികശേഷിയില്ലാത്ത കരാറുകാരെ ജോലി ഏൽപിക്കൽ തുടങ്ങിയവ പണികളെ ബാധിച്ചു. കോഴിക്കോട് ജില്ലയിലെ അഴിയൂർ – വെങ്ങളം റീച്ചിൽ 68% മാത്രമാണു നിർമാണം പൂർത്തിയായത്

    സമയക്രമം ഇങ്ങനെ

    പൂർത്തിയാകേണ്ട തീയതി, റീച്ച്, പാതയുടെ നീളം (ബ്രാക്കറ്റിൽ), നിലവിലെ പുരോഗതി എന്ന ക്രമത്തിൽ

    ∙ 2027 മാർച്ച് 31: ചെങ്കള-നീലേശ്വരം (37.3 കി.മീ)– 91%

    ∙ 2028 ഏപ്രിൽ 30: നീലേശ്വരം-തളിപ്പറമ്പ് (40.1 കി.മീ) – 87%

    ∙ 2028 ഏപ്രിൽ 30: തളിപ്പറമ്പ്-മുഴപ്പിലങ്ങാട് (29.9 കി.മീ) – 84%

    ∙ 2028 മാർച്ച് 30: അഴിയൂർ-വെങ്ങളം (40.8 കി.മീ) – 68%

    *നിരീക്ഷണത്തിന് എഐ*

    ∙ ദേശീയപാത നിർമാണം പൂർത്തിയായാൽ തകരാറുകൾ മുൻകൂട്ടി കണ്ടെത്താൻ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) എഐ നിരീക്ഷണം ഏർപ്പെടുത്തും. നിർമാണത്തിലെ അപാകത സംബന്ധിച്ച് ഒട്ടേറെ പരാതികൾ ഉയർന്നതിനാലാണ് ‘പ്രെഡിക്ടീവ് അസറ്റ് മാനേജ്മെന്റ്’ എന്ന സംവിധാനം നടപ്പാക്കുന്നത്. റോഡിന്റെ തകർച്ചയുടെ പ്രാരംഭലക്ഷണങ്ങൾ കണ്ടെത്തി ഇടപെടുകയാണു ലക്ഷ്യം. എഐ ക്യാമറകൾ ഘടിപ്പിച്ച വാഹനങ്ങൾ റോഡിന്റെ ഉപരിതലത്തിലെ നിരപ്പില്ലായ്മ, വിള്ളലുകൾ, ഘടനാപരമായ തകരാറുകൾ എന്നിവ കണ്ടെത്തും. റോഡിനു മുകളിൽ കേടുപാടുകൾ വ്യക്തമാകുന്നതിനു മുൻപുതന്നെ, അടിത്തറയിലെ തകരാറ് പരിശോധിക്കാൻ എഐ ക്യാമറകൾ സഹായിക്കും.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728