Header Ads

ad728
  • Breaking News

    കണ്ണൂരുകാരുടെ മനം കവർന്ന് ഹിറ്റായി ഡബിൾ ഡെക്കർ; ദിവസ വരുമാനം ശരാശരി 50,000 രൂപ

    കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് ഹിറ്റായി കഴിഞ്ഞു. ശരാശരി 50,000ത്തിനു മുകളിലാണ് ദിവസ വരുമാനം. 17നു 75000 രൂപയോളം കലക്‌ഷൻ ലഭിച്ചു. കണ്ണൂർ ദസറയുടെ ആഘോഷം പുത്തൻ അനുഭവമാക്കാൻ വേണ്ടിയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചത്. 10 ദിവസത്തേക്ക് മാത്രം താൽക്കാലികമായി കൊണ്ടുവന്ന ബസ് നിലനിർത്തണമെന്ന് മേയർ പി.ഇന്ദിര ആവശ്യപ്പെട്ടിട്ടുണ്ട്.

    സ്ഥിരം സംവിധാനം എന്ന നിലയിൽ സർവീസ് നടത്തേണ്ട റൂട്ടുകൾ തിരഞ്ഞെടുക്കാൻ കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്. ദസറ നൈറ്റ് റൈഡിന് പ്രചാരം കിട്ടിയ സാഹചര്യത്തിലാണിത്. ദസറ കഴിഞ്ഞാൽ ടൂറിസ്റ്റ് കേന്ദ്രങ്ങളും ബീച്ചുകളും കോട്ടകളുമൊക്കെ കേന്ദ്രീകരിച്ച് യാത്ര നടത്തിയാലോ എന്നാണ് ആലോചന. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമൊക്കെ നൈറ്റ് റൈഡ് വിജയകരമായി നടക്കുന്നുണ്ട്. ടൂറിസ്റ്റുകളെ ലക്ഷ്യമാക്കി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊക്കെ നൈറ്റ് റൈഡ് ഉണ്ട്.

    ടൗൺ സ്ക്വയറിൽ നിന്ന് ആരംഭിച്ച് നഗരപ്രദക്ഷിണം നടത്തി അവിടെത്തന്നെ തിരിച്ചെത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ യാത്ര. ഒരാഴ്‌ച കൊണ്ടു തന്നെ കണ്ണൂരുകാരുടെ മനം കവർന്നുകഴി‍ഞ്ഞു. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒരു ട്രിപ്പിൽ 60 യാത്രക്കാരാണ് ഉണ്ടാവുക. വൈകിട്ട് 5 മുതൽ രാത്രി 12 വരെയാണ് നിലവിൽ സർവീസ് സമയം. മുകൾഭാഗം തുറന്ന ബസ് സവാരിയിൽ വെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന നഗരം കാണാം. താണ, പ്ലാസ, പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് എന്നിങ്ങനെയാണ് റൂട്ട്. ഏതാണ്ട് 30 മിനിറ്റ് ആണ് ഒരു റൂട്ടിലെ സമയം. അതേസമയം ദസറ ദിനങ്ങളിലെ വൻതിരക്ക് കണക്കിലെടുത്ത് വരുംദിവസങ്ങളിൽ ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728