സൗദി വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തും
സൗദി അറേബ്യയിലെ താഇഫ്- റാനിയ റോഡിലുണ്ടായ വാഹനാപകടത്തില് മരിച്ച മലയാളി നഴ്സുമാരായ ജെയ്സി മോള് മാത്യുവിന്റെയും ജോബിന ജോണിയുടെയും മൃതദേഹങ്ങള് നാളെ പുലര്ച്ചെ നാട്ടിലെത്തിക്കും.ജിദ്ദയില്നിന്ന് ബഹ്റൈന് വഴിയാണ് മൃതദേഹങ്ങള് കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്. നാളെ പുലര്ച്ചെ 4.20ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില് ആണ് മൃതദേഹങ്ങള് എത്തുക.
ഇന്ന് വൈകിട്ട് 4.40ന് ജിദ്ദയില്നിന്ന് പുറപ്പെടുന്ന ഗള്ഫ് എയര് വിമാനത്തിലാണ് മൃതദേഹങ്ങള് ബഹ്റൈനിലേക്ക് കൊണ്ടുപോകുന്നത്.
സൗദിയില് ജോലി ചെയ്തിരുന്ന മലയാളി നഴ്സുമാരുടെ അപ്രതീക്ഷിത വിയോഗം പ്രവാസി മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയിരുന്നു. മൃതദേഹങ്ങള് നാട്ടിലെത്തിക്കുന്നതിനുള്ള യാത്രാ ക്രമീകരണങ്ങള് ഇതനുസരിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്.ഈ മാസം മൂന്നിനുണ്ടായ അപകടത്തില് രണ്ട് തമിഴ്നാട് സ്വദേശികള് അടക്കം ആകെ അഞ്ചുപേര് മരിച്ചിരുന്നു. തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദേവമ്മ ഹെപ്സിബ (33), ചെന്നൈ സ്വദേശിനി വിജയലക്ഷ്മി എന്നിവരാണ് മരിച്ച തമിഴ്നാട് സ്വദേശികള്. മരണമടഞ്ഞ അഞ്ചാമത്തെയാള് സൗദി പൗരനാണ്. ഇയാളായിരുന്നു വാഹനം ഓടിച്ചിരുന്നത്.
തായിഫ് - റാനിയ റോഡില് ആണ് അപകടം ഉണ്ടായത്. അപകടത്തില് മരിച്ച നാലുപേരും സൗദി സര്ക്കാര് ഡിസ്പന്സറികളില് നഴ്സു മാരായി ജോലി ചെയ്യുന്നവരാണ്. മക്കയിലെ അല്ഗഫ എന്ന സ്ഥലത്തായിരുന്നു ജോലി.
▂
No comments