Header Ads

ad728
  • Breaking News

    ചിരട്ടയ്ക്കു പിന്നാലെ ചകിരിക്കും നല്ലകാലം


    ചിരട്ടയ്ക്കു പിന്നാലെ കർഷകരുടെ പറമ്പില്‍ കുന്നുകൂടിക്കിടക്കുന്ന ചകിരിക്കും നല്ലകാലം. ചകിരിനാരും ചകിരിച്ചോറും സംസ്കരിച്ചെടുക്കുന്ന തമിഴ്നാട്ടിലെ ഫാക്ടറികളിലേക്കാണ് നമ്മുടെ ചകിരി ലോറികയറി പോകുന്നത്.ഈ ഫാക്ടറികളിലേക്ക് ചകിരി എത്തിച്ചുകൊടുക്കുന്ന ഏജന്റുമാർ  പല ഭാഗങ്ങളിലും എത്താൻ തുടങ്ങിയിട്ടുണ്ട്. ഒരു തേങ്ങയുടെ ചകിരിക്ക് ഒരു രൂപ നിരക്കിലാണ് പൊതുവേ ചകിരി സംഭരിക്കുന്നത്. ഒരു പറമ്പില്‍ നിന്നുതന്നെയോ അടുത്തടുത്തുള്ള പറമ്പുകളില്‍ നിന്നോ ഒരു മിനി ലോറിയില്‍ നിറയാനുള്ള ചകിരിയെങ്കിലും കിട്ടുമെന്നുറപ്പുള്ള ഇടങ്ങള്‍ തേടിയാണ് ഏജന്റുമാർ എത്തുന്നത്. ഇങ്ങനെ സംഭരിക്കുന്ന ചകിരി വലിയ ലോറികളില്‍ കയറ്റിയാണ് തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നത്.

    തമിഴ്നാട്ടിലെ കാങ്കയം, പൊള്ളാച്ചി, ഉദുമല്‍പേട്ട് ഭാഗങ്ങളിലാണ് ചകിരിയും ചിരട്ടയും സംസ്കരിക്കുന്ന ഫാക്ടറികള്‍ പ്രധാനമായും ഉള്ളത്. ഇവിടങ്ങളില്‍ നിന്ന് ചകിരിച്ചോറും നാരും കൂടുതലായി കയറ്റിപ്പോകുന്നത് ചൈനയിലേക്കാണെന്ന് ഏജന്റുമാർ പറയുന്നു. വെള്ളം സംഭരിക്കാൻ കഴിവുള്ള ചകിരിച്ചോറ് ചൈനയിലെ ആധുനിക കൃഷി ഫാമുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇവ കയറ്റിയയക്കുന്നതിനുള്ള സാധ്യതകള്‍ തെളിഞ്ഞുവരികയാണ്.
     
     എല്ലായിടങ്ങളിലും ചിരട്ട കിലോയ്ക്ക് 30 മുതല്‍ 35 രൂപ വരെ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ചിരട്ടക്കരിയുടെയും കരകൗശലവസ്തുക്കളുടെയും നിർമാണത്തിനാണ് ചിരട്ട പ്രധാനമായും ഉപയോഗിക്കുന്നത്. പല വിദേശരാജ്യങ്ങളിലും ജലശുദ്ധീകരണം, എയർ ഫില്‍ട്ടറേഷൻ, ഫാർമസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളില്‍ പരിസ്ഥിതി സൗഹൃദ ഉത്പന്നമെന്ന നിലയില്‍ ചിരട്ടക്കരി ഏറെ പ്രാധാന്യം നേടിയിട്ടുണ്ട്. ഇറ്റലി, ജർമനി, ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങളാണ് പ്രധാന ആവശ്യക്കാർ.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728