പൊലീസിനെ കണ്ടതോടെ വെട്ടിച്ച് കടക്കാൻ ശ്രമം; എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ
കാസർകോട്: വിദ്യാനഗറിൽ ഒരു ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളുമായി യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫൈസൽ (34), തസ്ലീം ഫർസാന (24) എന്നിവരാണ് അറസ്റ്റിലായത്. വിദ്യാനഗർ പൊലീസ് നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം.
എൻ.എച്ച് 66ൽ ചെർക്കളയിൽ നിർമാണത്തിലിരിക്കുന്ന ഫ്ലൈഓവറിന് സമീപം സബ് ഇൻസ്പെക്ടർ വിജയൻ മേലത്തും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് കാസർകോട് ഭാഗത്തുനിന്ന് ചട്ടഞ്ചാലിലേക്ക് പോകുകയായിരുന്ന കാർ ശ്രദ്ധയിൽപ്പെട്ടത്. പൊലീസിനെ കണ്ടതോടെ കാർ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ചതിനെ തുടർന്ന് വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
പരിശോധനയിൽ പാന്റിന്റെ പോക്കറ്റിൽ സിപ്പ്-ലോക്ക് കവറിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ലഹരിമരുന്നിന് പുറമെ ഡിജിറ്റൽ വെയിംഗ് സ്കെയിൽ, സിപ്പ്-ലോക്ക് ബാഗുകൾ, പ്ലാസ്റ്റിക് പൈപ്പുള്ള ഗ്ലാസ് ഹുക്ക, മൊബൈൽ ഫോണുകൾ, ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ചതായി കരുതുന്ന കാർ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് 22(ബി), 29 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
No comments