അർജുൻ ആയങ്കിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി
*കണ്ണൂർ* : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം ലഭിച്ചെങ്കിലും ഉടൻ പുറത്തിറങ്ങാനാവില്ല. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി സി.ജെ.എം കോടതി ജാമ്യം അനുവദിച്ചത്. മറ്റ് കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ അർജുൻ ആയങ്കി ജയിലിൽ തന്നെ തുടരും.
അതിനിടെ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയ സാഹചര്യത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. തലശ്ശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും.
അർജുൻ ആയങ്കിക്ക് ഇന്ന് കാപ്പ നോട്ടീസ് കൈമാറും. ഇന്നലെയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോർട്ടും ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് ജില്ലാ കലക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. നിലവിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കരുതൽ തടങ്കലിന് ഉത്തരവായത്.
കാപ്പ ഉത്തരവ് നടപ്പാക്കി അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കാനാണ് പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ സൈബർ ക്രൈം കേസിൽ ജാമ്യം ലഭിച്ചെങ്കിലും കാപ്പ നടപടിയുടെ ഭാഗമായി അർജുൻ ആയങ്കിക്ക് ജയിൽ മോചനം ലഭിക്കില്ല.
No comments