കൂട്ടുകാരിക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങള്‍ നിര്‍ണായകമായി! കണ്ണൂരിലെ ഇരുപതുകാരിയുടെ ആത്മഹത്യ; ഭര്‍ത്താവ് ആസിഫിനായി ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി
കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവില്‍ ഇരുപതുകാരിയായ ഫാത്തിമത്ത് റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് ആസിഫിനായി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി.കഴിഞ്ഞ 28-ാം തീയതിയാണ് റിസയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ ആസിഫ് ദുബായിലേക്ക് കടന്നതായാണ് അന്വേഷണസംഘത്തിന്റെ സംശയം. യുവതിയുടെ മരണത്തിന് കാരണം ഭർത്താവിന്റെ നിരന്തരമായ പീഡനമാണെന്ന് കാണിച്ച് റിസയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ആസിഫിന്റെ ലഹരി ഉപയോഗം റിസ ചോദ്യം ചെയ്തപ്പോഴൊക്കെ ഇയാള്‍ ക്രൂരമായി മർദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇത് ശരിവെക്കുന്ന തരത്തില്‍ റിസ തന്റെ കൂട്ടുകാരിക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങള്‍ പൊലീസിന് തെളിവായി ലഭിച്ചിട്ടുണ്ട്. മുറിയില്‍ നിന്ന് കിട്ടിയ കുറിപ്പും അവർ തെളിവായി നല്‍കിയിട്ടുണ്ട്. റിസ മരിച്ച ദിവസം തന്നെ ആസിഫ് വിദേശത്തേക്ക് പോയെന്നും കുടുംബം പറഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. മുൻപ് ഭർതൃവീട്ടില്‍ വച്ചും റിസ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി അവർ പറഞ്ഞു.
ആത്മഹത്യാ പ്രേരണ കുറ്റത്തിന് ആസിഫിനെ പ്രതി ചേർത്ത് വളപട്ടണം പൊലീസ് കേസെടുത്തിട്ടുണ്ട്. ദുബായില്‍ ജോലി ചെയ്തിരുന്ന ആസിഫ് മാസത്തില്‍ പലതവണ നാട്ടിലെത്തി ഒന്നോ രണ്ടോ ദിവസം നിന്ന് തിരികെ പോകുന്ന പതിവുണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഊർജിതമായ അന്വേഷണമാണ് നടത്തിവരുന്നത്.
No comments